
ട്യൂസൺ (അരിസോണ): പ്രശസ്ത യുഎസ് മാധ്യമപ്രവർത്തക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രിയുടെ (84) തിരോധാനവുമായി ബന്ധപ്പെട്ട് അവരുടെ വീടിന് സമീപത്തുനിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. നാൻസി ഗുത്രിയുടെ വീടിന് രണ്ട് മൈൽ മാത്രം അകലെയുള്ള ഒരു സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ‘ന്യൂസ് നേഷൻ’ റിപ്പോർട്ട് ചെയ്തെന്ന തരത്തിലാണ് എക്സ് (X) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സന്ദേശങ്ങൾ പരക്കുന്നത്. എന്നാൽ അന്വേഷണസംഘം നിലവിൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 1-നാണ് അരിസോണയിലെ ട്യൂസണിലുള്ള വസതിയിൽ നിന്ന് നാൻസി ഗുത്രിയെ കാണാതാകുന്നത്. വീട്ടിൽ നിന്ന് ചോരപ്പാടുകളും പ്രതികൾ എന്ന് സംശയിക്കുന്നവർ അയച്ച ബിറ്റ്‌കോയിൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മോചനദ്രവ്യ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ ആണെന്ന നിഗമനത്തിൽ എഫ്.ബി.ഐയുടെ (FBI) സഹായത്തോടെയാണ് പീമ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് കേസ് അന്വേഷിക്കുന്നത്.
കുടുംബാംഗങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള ഓൺലൈൻ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും സവന്ന ഗുത്രി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ പോലീസ് സംശയങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. നാൻസി ഗുത്രിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Nancy Guthrie’s Disappearance: Indications suggest reports of two arrests near the house are baseless.











