എങ്ങനെയും പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം, വീണ്ടും ചർച്ചയ്ക്ക് ക്ഷണം; സമരക്കാർ നിർദേശിക്കുന്ന സ്ഥലത്ത് ചർച്ചയാകാമെന്ന് സർക്കാർ, ദില്ലിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാർക്ക് വീണ്ടും ചർച്ചാ ക്ഷണം നൽകി കേന്ദ്ര സർക്കാർ. സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അഭ്യർഥിച്ചു.

ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും, സമരക്കാർ നിർദേശിക്കുന്ന സ്ഥലത്തും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായും ജിതേന്ദ്ര സിംഗും വിഷയത്തിൽ കൂടിക്കാഴ്ച നടത്തുകയാണ്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദില്ലിയിൽ സുരക്ഷാ നിയന്ത്രണങ്ങളും കടുപ്പിച്ചു. കൊണാട്ട് പ്ലേസിലെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വൈകിട്ട് 6.30-നകം അടയ്ക്കണമെന്ന് എൻഡിഎംസി ചെയർമാന്റെ നിർദേശത്തെ തുടർന്ന് പൊലീസ് അറിയിപ്പ് നൽകി. സിജെപി സമരം മുൻനിർത്തിയാണ് ഈ നിയന്ത്രണങ്ങൾ.

സമരം 34-ാം ദിവസത്തിലേക്ക് കടന്നതോടെ ദില്ലിയിലേക്ക് 30 കമ്പനി അധിക കേന്ദ്രസേനയെ കൂടി വിന്യസിച്ചു. പ്രതിഷേധത്തിൽ പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായും റിപ്പോർട്ടുണ്ട്.

സിജെപി സമരത്തിന് വിദേശ ഫണ്ടിംഗ് ലഭിച്ചെന്ന ആരോപണത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.

സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവജനങ്ങളുടെ ഒഴുക്ക് തുടരുന്നതിനാൽ നിലവിലെ സുരക്ഷാ സംവിധാനം പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് അധിക സേനയെ വിമാനമാർഗം ദില്ലിയിലെത്തിച്ചത്. പുതുതായി വിന്യസിച്ച 30 കമ്പനികളിൽ 18 കമ്പനി സിആർപിഎഫ്, ആറ് കമ്പനി ആർഎഎഫ്, മൂന്ന് കമ്പനി ബിഎസ്എഫ്, രണ്ട് കമ്പനി എസ്എസ്ബി, ഒരു കമ്പനി ഐടിബിപി എന്നിവ ഉൾപ്പെടുന്നു. ഇതോടെ ദില്ലിയിൽ പ്രതിഷേധം നിയന്ത്രിക്കാൻ ആകെ 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide