മുംബൈ നഗരത്തിൽ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കനത്തതിനെ തുടർന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര പൊലീസ് ആക്‌ടിലെ സെക്ഷൻ 37 പ്രകാരം ഇന്ന് മുതൽ ഓഗസ്റ്റ് 6 അർദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിനാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് വിദ്യാർഥി -യുവജനങ്ങൾ നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് അനുമതിയില്ലാതെ പ്രകടനങ്ങൾ നടത്തുക, ഉച്ചഭാഷിണികൾ ഉപയോഗിക്കുക, പടക്കം പൊട്ടിക്കുക എന്നിവ പാടില്ല.
ഇതുവരെ അനുമതിയില്ലാതെ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 900-ഓളം പേർക്കെതിരെ പൊലീസ് എട്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ആയുധങ്ങളോ സ്ഫോടകവസ്‌തുക്കളോ കൈവശം വെയ്ക്കുന്നതും കർശനമായി നിരോധിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള സർക്കാർ ഓഫീസുകളിലെയും കോടതികളിലെയും ഒത്തുചേരലുകൾ, സ്കൂൾ-കോളേജ് ക്ലാസുകൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ എന്നിവയെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, മഹാരാഷ്ട്ര പോലീസ് ആക്ട്‌ട് എന്നിവ പ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Police have imposed prohibitory orders in Mumbai following intensifying protests against the Centre over the NEET exam paper leak.













