കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ, അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്

മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ തുടരുന്നതിനാൽ കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളുടെ സർവീസിൽ മാറ്റം. കൊച്ചുവേളി–അമൃത്സർ എക്സ്പ്രസും തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസും പൻവേലിൽ നിന്ന് വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.

ഈ ട്രെയിനുകൾ ജൽഗാവ്–പാൽധി–ഉദ്ന വഴിയാണ് സൂറത്തിലേക്ക് സർവീസ് നടത്തുക. ഗുജറാത്തിലെ വാപി–ഉദ്‌വാഡ റെയിൽപാതയിൽ മണ്ണിടിച്ചിലും പലയിടത്തും ട്രാക്കിൽ വെള്ളം കയറിയതുമാണ് സർവീസിൽ മാറ്റം വരുത്താൻ കാരണം.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് സൂറത്തിലും ഉദ്നയിലും നിന്ന് പുറപ്പെടേണ്ട ആറു ട്രെയിനുകൾ പൂർണമായും റദ്ദാക്കി. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെ ഉൾപ്പെടെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ജനജീവിതം സാരമായി ബാധിച്ചു. റോഡ്, റെയിൽ ഗതാഗതത്തെയും കനത്ത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് ട്രെയിൻ സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.

More Stories from this section

family-dental
witywide