അർധരാത്രി മുതൽ 16, 17 വയസ്സുകാർക്ക് സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം; പുതിയ നിയമവുമായി ബ്രിട്ടൻ

ലണ്ടൻ: അർധരാത്രി മുതൽ രാവിലെ 6 വരെ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ പദ്ധതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇൻസ്റ്റഗ്രാം, ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഈ സമയത്ത് സ്വമേധയാ പ്രവർത്തനരഹിതമാകുന്ന തരത്തിലായിരിക്കും പുതിയ ക്രമീകരണം. എന്നാൽ അക്കൗണ്ട് സെറ്റിങ്‌സ് മാറ്റി ഈ നിയന്ത്രണം ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടാകും.

സോഷ്യൽ മീഡിയയിലെ ഓട്ടോ-പ്ലേ, ഇൻഫിനിറ്റ് സ്ക്രോൾ പോലുള്ള ഉപയോക്താക്കളെ കൂടുതൽ സമയം പ്ലാറ്റ്‌ഫോമിൽ നിലനിർത്തുന്ന ഫീച്ചറുകളും ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

എന്നാൽ അക്കൗണ്ട് സെറ്റിങ്‌സ് മാറ്റി നിയന്ത്രണം ഒഴിവാക്കാനാകുമെന്നതിനാൽ ഈ നടപടി പര്യാപ്തമല്ലെന്ന് ബാലസുരക്ഷാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ജൂണിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ നിർദേശം. 18 വയസ്സിൽ താഴെയുള്ളവർ എ.ഐ ചാറ്റ്ബോട്ടുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഇടവേളകൾ നിർബന്ധമാക്കുന്നതടക്കമുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. 2026 അവസാനത്തോടെ നിയമനിർദേശം പാർലമെന്റിൽ അവതരിപ്പിച്ച് അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് ലക്ഷ്യം.

ഇതിനിടെ, ചില ബാലസുരക്ഷാ സംഘടനകളും വിദഗ്ധരും അർധരാത്രി നിയന്ത്രണത്തിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തു. രാത്രി സമയങ്ങളിൽ സഹായം ആവശ്യമുള്ള കുട്ടികൾക്ക് വിശ്വസ്തരായ ആളുകളുമായി ബന്ധപ്പെടാനുള്ള അവസരം പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഡിജിറ്റൽ അവകാശ വിദഗ്ധ പ്രൊഫ. സോണിയ ലിവിങ്സ്റ്റൺ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ 300 കൗമാരക്കാരെ ഉൾപ്പെടുത്തി സർക്കാർ നടത്തിയ പരീക്ഷണ പദ്ധതിയിൽ രാത്രി സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് കൂടുതൽ ഉറക്കം ലഭിച്ചതായും കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയം രൂപപ്പെടുത്തിയത്. അതേസമയം, പ്രായപരിധി മറികടക്കാൻ കുട്ടികൾ വ്യാപകമായി വി.പി.എൻ. ഉപയോഗിക്കുന്നതായി തെളിവില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ വി.പി.എൻ. ഉപയോഗത്തിന് പ്രത്യേക നിയന്ത്രണം കൊണ്ടുവരില്ലെന്നും ഓൺലൈൻ സുരക്ഷാ മന്ത്രി അറിയിച്ചു.

Midnight social media curfew proposed for UK teens aged 16 and 17

More Stories from this section

family-dental
witywide