ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഡോക്ടർ എം കെ റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നിതിനുമായി തനിക്ക് വ്യക്തിപരമായ മുൻവൈരാഗ്യമില്ലെന്നും വിദ്യാർത്ഥി തനിക്കെതിരെ ഒരിടത്തും പരാതി നൽകിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണ് നിതിന്റെ രക്ഷിതാക്കൾ പരാതി നൽകിയതെന്നും ഇതിന് പിന്നിൽ മറ്റാരുടെയോ സമ്മർദ്ദമുണ്ടെന്നും റാം ആരോപിക്കുന്നു.
തനിക്കെതിരെ കേസ് ഡയറിയിൽ കൃത്യമായ തെളിവുകളില്ലെന്നും മാധ്യമ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും അധ്യാപകൻ ഹർജിയിൽ വ്യക്തമാക്കി. നിതിന്റെ മരണത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നാണ് ഡോക്ടറുടെ വാദം. എന്നാൽ അധ്യാപകന്റെ പീഡനം മൂലമാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നിതിന്റെ കുടുംബം.
അതേസമയം, നിതിനെതിരെ ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഡോക്ടർ ഉന്നയിച്ചിട്ടുണ്ട്. നിതിൻ മുൻപ് ഹണി ട്രാപ്പ് പരാതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും പെൺകുട്ടിയെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ചതിന് സസ്പെൻഷൻ നേരിട്ടിട്ടുണ്ടെന്നും അധ്യാപകൻ ആരോപിച്ചു. ലോൺ ആപ്പുകളിൽ നിന്ന് നിതിൻ പണമെടുത്തത് ഇത്തരം ബാധ്യതകൾ തീർക്കാനായിരിക്കാം എന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Nithin Raj death case: Accused teacher MK Ram moves High Court for anticipatory bail














