കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് തിരിച്ചടി. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നിതിൻ മരിക്കുന്നതിന് മുൻപ് കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവായി അധിക്ഷേപിച്ചവരുടെ ചിത്രങ്ങൾ നിതിൻ സഹോദരിക്ക് അയച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് റാം കോടതിയിൽ വാദിച്ചത്. ലോൺ സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെ തന്നെ പരിഹരിച്ചതാണെന്ന് നിതിന്റെ കുടുംബം കോടതിയെ അറിയിച്ചു.
പ്രതികളുടെ വാദങ്ങൾ തള്ളിയ കോടതി ഡോ. റാമിന് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യവും നേരത്തെ കോടതി തള്ളിയിരുന്നു. സംഭവത്തെത്തുടർന്ന് കോളേജ് മാനേജ്‌മെന്റ് ഡോ. റാമിനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഒളിവിൽ കഴിയുന്ന റാമിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
Nithin Raj suicide: Court rejects anticipatory bail for Dr MK Ram; grants bail to teacher












