
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ പുറത്താക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പരാതികളുടെയും പ്രതിഷേധത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നിതിനെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന കുടുംബത്തിന്റെ പരാതിയിൽ ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നു എന്ന് ആരോപിച്ച് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വർഗീയ പരാമർശങ്ങൾ നടത്തുന്ന അധ്യാപകരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥി സംഘടനകൾ ഉറച്ചുനിൽക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ അധിക്ഷേപമാണ് ഈ ദുരന്തത്തിന് പിന്നിലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡോ. റാമിനെയും ഡോ. സംഗീതയെയും കോളേജ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്ക് പുറമെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളായ ഡോ. റാമും ഡോ. സംഗീതയും ഒളിവിൽ തുടരുകയാണ്.
Nithin Raj death case: College to dismiss Dr. MK Ram; Student outfits intensify protests in Kannur












