സംസ്ഥാനത്ത് 2 മാസത്തേക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ല, ജിഎൻഎ കരാർ തൽക്കാലമില്ല; കൃത്രിമ പ്രതിസന്ധി സംശയിച്ച് സർക്കാർ?

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് യാതൊരു വിധ വൈദ്യുതി പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും ഊർജ്ജ സെക്രട്ടറിയും ഉറപ്പുനൽകി. ഇതോടെ, സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ ജി.എൻ.എ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ്) വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ നീക്കം നടത്തിയത് വിവാദമായ പശ്ചാത്തലത്തിൽ, തൽക്കാലം പുതിയ ഹ്രസ്വകാല വൈദ്യുതി കരാറുകളിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനമായി.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന കാര്യത്തിൽ സർക്കാരിന് ശക്തമായ സംശയമുണ്ട്. ഉടൻ വൈദ്യുതി കരാർ ഒപ്പിട്ടില്ലെങ്കിൽ പവർകട്ട് അനിവാര്യമാകുമെന്ന തരത്തിൽ മുൻ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം എഴുതിയ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് സമഗ്രമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരമായി കരാറുകളിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തിയതിന് പിന്നിലെ താല്പര്യങ്ങൾ എന്താണെന്നും അന്വേഷിക്കും.

വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നില്ലെങ്കിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങലിനായി എന്തിനാണ് ഇത്രയധികം സമ്മർദ്ദം ചെലുത്തിയതെന്നും മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞതായാണ് വിവരം. വരുന്ന രണ്ടു മാസത്തേക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനൊപ്പം, കൃത്രിമ ക്ഷാമ പ്രചാരണങ്ങൾക്ക് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം.

No Power Shortage in Kerala for 2 Months; GNA Agreement Put on Hold as Govt Suspects Artificial Crisis

Also Read

More Stories from this section

family-dental
witywide