തെളിവ് നൽകാത്ത സാഹചര്യത്തിൽ പി വി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി അന്വേഷണസംഘം. പി വി അന്‍വര്‍ ആഭ്യന്തര വകുപ്പിന്റെ അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരാകുകയോ തെളിവ് നല്‍കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുജിത്ത് ദാസിനെ അന്വേഷണസമിതി കുറ്റവിമുക്തനാക്കുന്നത്. കേസിൻ്റെ അന്വേഷണചുമതല ഐപിഎസ് ഉദ്യോഗസ്ഥനായ ശ്യാം സുന്ദറിനായിരുന്നു.
തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സമിതി അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. കോള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കാന്‍ ഉള്‍പ്പെടെ അന്‍വര്‍ തയ്യാറായിരുന്നില്ല. തന്റെ സംഭാഷണമല്ല അന്‍വര്‍ പുറത്തുവിട്ടതെന്ന് സുജിത്ത് ദാസ് പറയുകയും ചെയ്ത പശ്ചാത്തലത്തില്‍ ശാസ്ത്രീയ പരിശോധനയില്ലാതെ കുറ്റം തെളിയിക്കാനാകാത്ത അവസ്ഥയുണ്ടായി. ഇതാണ് അന്വേഷണസംഘം സുജിത്ത് ദാസിന് ക്ലീന്‍ ചിറ്റ് നല്‍കാൻ കാരണം.
അതേസമയം, സുജിത്ത് ദാസിന്റെ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും പൊലീസ് സേനയ്ക്കാകെ ഇത് നാണക്കേടുണ്ടാക്കിയതായും മുമ്പ് വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉന്നത ഉദ്യോഗസ്ഥരേയും സംശയമുനയില്‍ നിര്‍ത്തുന്ന നിരവധി പരാമര്‍ശങ്ങള്‍ ശബ്ദരേഖയിലുണ്ടായിരുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അന്തസിന് നിരക്കാത്ത ഭാഷയിലാണ് സുജിത്ത് സംസാരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടതുമുന്നണിയുമായുള്ള ബന്ധം അന്‍വര്‍ അവസാനിപ്പിച്ച നീക്കത്തിന്റെ തുടക്കവും ഈ ഫോണ്‍വിളി വിവാദമായിരുന്നു. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
No evidence provided; Clean chit given to former Malappuram SP Sujith Das in phone call controversy with PV Anwar













