
മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തനിക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു എന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സുകുമാരൻ നായരെ കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കടുത്ത പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി രംഗത്തെത്തിയത്. സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ഇനി മുഖ്യമന്ത്രി തന്നെ കാണുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റ് തിരക്കായതുകൊണ്ടാണ് അന്ന് കാണാൻ കഴിയാതിരുന്നതെങ്കിൽ അപ്പോൾ തന്നെ അത് പറയാമായിരുന്നുവെന്നും ഇപ്പോൾ ന്യായീകരിക്കുന്നതിൽ കാര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നേരിട്ട് കണ്ട് പറയേണ്ടിയിരുന്ന കാര്യങ്ങൾ കഴിഞ്ഞു, ഇനി തനിക്ക് ആരെയും കാണേണ്ടതില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോൺ വിളിച്ചാൽ തിരക്കില്ലെങ്കിൽ അദ്ദേഹം ഫോൺ എടുക്കാറുണ്ടായിരുന്നു. ഇതിനു മുൻപ് നിരവധി സർക്കാരുകൾ വന്നുപോയിട്ടുണ്ടെങ്കിലും എൻഎസ്എസിന് ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. വ്യക്തിയെന്ന നിലയിൽ സതീശനെ കാണാൻ തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി രൂക്ഷമായ വിമർശനം ഉന്നയിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിവസമാണ് സുരേഷ് ഗോപി പെരുന്നയിലെത്തിയത്. ഈ സന്ദർശനത്തിന് പിന്നിൽ ബിജെപിയുമായുള്ള അടുപ്പം സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. പുഷ്പാർച്ചനയ്ക്ക് ശേഷം അദ്ദേഹം ബജറ്റ് ചർച്ചകൾ നടക്കുന്ന യോഗത്തിലേക്ക് വലിഞ്ഞുകേറി വരികയായിരുന്നു. സുരേഷ് ഗോപി ആദ്യം സിനിമാക്കാരുടെ സംഘടനയായ ‘അമ്മ’ ശുദ്ധീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരായ സി വി ആനന്ദബോസ്, സി പി രാധാകൃഷ്ണൻ എന്നിവർ വന്നപ്പോൾ സ്വീകരിച്ചിരുന്നതായും എന്നാൽ ഉപരാഷ്ട്രപതി മന്നം സമാധി സന്ദർശിക്കാൻ വന്നപ്പോൾ സുരക്ഷാ കാരണങ്ങളാൽ നായയെ കയറ്റാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
NSS Chief G Sukumaran Nair Rejects CM VD Satheesan’s Claims, Says Meeting Was Denied













