മറ്റുള്ളവരുടെയെല്ലാം ചിത്രം ഒഴിവാക്കി, മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസിൽ ഒറ്റ ചിത്രം മാത്രം, സിഎൻ അണ്ണാദുരൈ; ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ടിവികെ

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യുടെ ഔദ്യോഗിക ഓഫീസിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് സി.എൻ. അണ്ണാദുരൈയുടെ ചിത്രം മാത്രം സ്ഥാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഭരണസിരാകേന്ദ്രമായ കോട്ട സെന്റ് ജോർജിലെ തന്റെ ഓഫീസിൽ മറ്റ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കി അണ്ണാദുരൈയുടെ ചിത്രം മാത്രം വെച്ചതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് വിജയ് നൽകുന്നത്. തമിഴ്നാടിന്റെ തനിമയും ദ്രാവിഡ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

നേരത്തെ തന്റെ പ്രസംഗങ്ങളിൽ അണ്ണാദുരൈയെ കുറിച്ച് വിജയ് പരാമർശിച്ചത് ഡിഎംകെ, എഐഎഡിഎംകെ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. അണ്ണാദുരൈയുടെ പാരമ്പര്യം അവകാശപ്പെടാൻ തമിഴക വെട്രി കഴകത്തിന് അവകാശമില്ലെന്നായിരുന്നു ഇരു പാർട്ടികളുടെയും നിലപാട്. എന്നാൽ, അണ്ണാദുരൈ ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം സ്വത്തല്ലെന്നും അദ്ദേഹം തമിഴ്നാടിന്റെ മുഴുവൻ നേതാവാണെന്നുമാണ് വിജയ് ഇതിന് മറുപടി നൽകിയത്. ഈ നിലപാടിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ മാറ്റം.

അണ്ണാദുരൈയുടെ ചിത്രം മാത്രം സ്ഥാപിച്ചതിലൂടെ നിലവിലെ ദ്രാവിഡ കക്ഷികളിൽ നിന്ന് വ്യത്യസ്തമായ പാതയാണ് താൻ സ്വീകരിക്കുന്നതെന്ന് വിജയ് വ്യക്തമാക്കുന്നു. ഭരണത്തിൽ പുലർത്താൻ പോകുന്ന സുതാര്യതയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും പ്രതീകമായാണ് അനുയായികൾ ഇതിനെ കാണുന്നത്. എന്നാൽ പരമ്പരാഗത ദ്രാവിഡ പാർട്ടികൾ വിജയ്‌യുടെ ഈ നീക്കത്തെ എങ്ങനെ നേരിടുമെന്നാണ് തമിഴ് രാഷ്ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Only Annadurai’s portrait in CM Vijay’s office; TVK leader asserts Anna belongs to all of Tamil Nadu

More Stories from this section

family-dental
witywide