തമിഴ്നാട്ടിലെ ഇടതുവിരുദ്ധ സർക്കുലറിൽ മാപ്പ് പറഞ്ഞ് വിജയ് സർക്കാർ, സിപിഎം അന്ത്യശാസനത്തിന് പിന്നാലെ നിയമസഭയിൽ മാപ്പപേക്ഷ നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി; ‘നടപടി ഉറപ്പ്’

തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളും യുവജനങ്ങളും സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് പുറത്തിറക്കിയ വിവാദ ഉത്തരവിൽ ഒടുവിൽ തമിഴ്നാട് സർക്കാർ മാപ്പ് പറഞ്ഞു. വിഷയം നിയമസഭയിൽ ഉയർന്നതോടെ സി.പി.എം. ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പ്രതിഷേധത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനാണ് നിയമസഭയിൽ മാപ്പപേക്ഷ നടത്തിയത്. ഉത്തരവിറക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരം കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

ഇടതുപക്ഷ സംഘടനകളും കോക്രോച് ജനതാ പാർട്ടിയും (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിക്കൊണ്ട് കോളേജിയേറ്റ് എജ്യുക്കേഷൻ വകുപ്പ് നൽകിയ നിർദ്ദേശം വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയർത്തിയത്. പിന്നാക്കാവസ്ഥയ്ക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തടയാൻ പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവർക്ക് നിർദ്ദേശം നൽകിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. സർക്കാരിന് പിന്തുണ നൽകുന്ന സി.പി.എം. അന്ത്യശാസനം നൽകുകയും നിലപാട് കർശനമാക്കുകയും ചെയ്തതോടെയാണ് വിജയ്‍ സർക്കാർ പ്രതിരോധത്തിലായത്.

കേന്ദ്ര സർക്കാരിന്റെ അതേ പാത പിന്തുടർന്ന് പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് വിജയ്‍ സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനം പ്രതിപക്ഷത്തുനിന്നും സഖ്യകക്ഷികളിൽ നിന്നും ഒരുപോലെ ഉയർന്നിരുന്നു. ഒടുവിൽ സഖ്യകക്ഷികളുടെ എതിർപ്പും സി.പി.എമ്മിന്റെ കടുത്ത നിലപാടുകളും ഭയന്ന് നിർദ്ദേശം പൂർണ്ണമായും പിൻവലിക്കാനും തെറ്റ് തിരുത്താനും വിജയ്‍ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

Anti-Left Circular: TN Higher Education Minister Apologizes in Assembly After CPM Ultimatum

More Stories from this section

family-dental
witywide