ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്ത് കാര്യം? സ്ഥാനം ലഭിച്ചില്ലെന്ന പരാതിയോ നിരാശയോ ഇല്ലെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭയില്‍ ചേരാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചതെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തേ എടുത്തതാണെന്നും അതില്‍ മാറ്റമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം?’ എന്ന പിതാവ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, “കേരളത്തിന്റെ മകന്‍” എന്ന വിശേഷണമാണ് ഏതൊരു പദവിയേക്കാളും വിലമതിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയോ നിരാശയോ തനിക്കില്ലെന്നും ജനങ്ങളുടെ സ്‌നേഹമാണ് ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉയര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഇന്നും ജനങ്ങളുടെ മനസുകളില്‍ ജീവിക്കുന്നുവെന്നതിന് തെളിവാണെന്നും ചാണ്ടി ഉമ്മന്‍ വികാരാധീനനായി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനവ്യാപകമായി ശക്തിപ്പെടുത്തുമെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ട് അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

എ കെ ആന്റണിയുടെ വസതിയിലെത്തിയ ചാണ്ടി ഉമ്മനെ അദ്ദേഹം ഊഷ്മളമായി സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി പുലര്‍ത്തിയിരുന്ന അടുത്ത ബന്ധങ്ങളെക്കുറിച്ചും ആന്റണി അനുസ്മരിച്ചു. തന്റെ 44-ാം വയസ്സില്‍ നടന്ന വിവാഹത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നല്‍കിയ പിന്തുണയും വിവാഹം നടന്ന പള്ളിയുമായി ബന്ധപ്പെട്ട ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. ചാണ്ടി ഉമ്മന്റെ മാതാവിന്റെ ആഗ്രഹപ്രകാരമാണ് ഈ സന്ദര്‍ശനം നടന്നത്.

More Stories from this section

family-dental
witywide