അടപടലം പൊട്ടിയ ഗണേഷ്കുമാറിൻ്റെ തോൽവിക്കു പിന്നിൽ ഉമ്മൻ ചാണ്ടി ഫാക്ടർ എന്ന് റിപ്പോർട്ടുകൾ

കൊല്ലം: ഇത്തവണ 25 വർഷം പ്രതിനിധാനംചെയ്ത പത്തനാപുരം മണ്ഡലം കെ.ബി. ഗണേഷ്കുമാറിനെ കൈവിട്ടതിനു കാരണം ‘ഉമ്മൻ ചാണ്ടി ഫാക്ട‌ർ’ ആണെന്ന് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് സോളാർ കേസിലെ പ്രതി എഴുതിയ കത്തിൽ എഴുതിച്ചേർക്കാൻ നടത്തിയ ഗൂഢാലോചന ഗണേഷിന് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, കോൺഗ്രസ് സ്ഥാനാർഥിയായ ജ്യോതികുമാർ ചാമക്കാലയുടെ മാങ്കോട്ട് നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിൽ, സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കി ഗണേഷ്കുമാർ ഇടതുപക്ഷത്തേക്ക് ചേക്കേറുകയായിരുന്നെന്ന് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയിരുന്നു.

ഗണേഷ്‌കുമാർ മന്ത്രിസഭയിൽനിന്ന് പുറത്തായതുമുതൽ ഉമ്മൻ ചാണ്ടിയോട് പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായി ഗണേഷ്കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ഉൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ സോളാർ കേസിലെ പ്രതി എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതാണ് ആരോപണങ്ങളിൽ മറ്റൊന്ന്. കേസ് ഇപ്പോൾ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് കഴിയുംവരെ കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്‌കുമാർ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

കൂടാതെ, ഉമ്മൻ ചാണ്ടിയോട് ഗണേഷ്‌കുമാർ ചെയ്‌ത അനീതികൾ മകൻ എണ്ണിയെണ്ണിപ്പറഞ്ഞതും വോട്ടർമാർ ഏറ്റെടുത്തു. ‘ഈ മനുഷ്യൻ നീതിമാനായിരുന്നു’വെന്ന അടിക്കുറിപ്പോടെ ഉമ്മൻ ചാണ്ടിയുടെ ഫ്‌ലെക്‌സ് ബോർഡുകൾ മണ്ഡലത്തിലാകെ കോൺഗ്രസ് ഉയർത്തുകയും ചെയ്‌തിരുന്നു. ഇതോടൊപ്പം എൻ.എസ്.എസ്. താലൂക്ക് യൂണിയനുമായുണ്ടായ പ്രശ്‌ങ്ങളും പരാജയത്തിലേക്കുള്ള പാത തുറന്നു.

തിരഞ്ഞെടുപ്പടുത്ത കാലത്താണ് പദ്‌മ കഫേയുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയൻ ഭാരവാഹികളും ഗണേഷ്‌കുമാറും തമ്മിലുള്ള അകൽച്ച തുടങ്ങിയത്. ഗണേഷിന്റെ വിജയത്തിൽ നിർണായകഘടകമായിരുന്ന എൻ.എസ്.എസ്. പിന്തുണ ഇത്തവണ കാര്യമായി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽത്തന്നെയായിരുന്നു ഗണേഷും ഭാര്യ ബിന്ദു മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുന്നത്. ഇതും വോട്ടർമാർക്കിടയിൽ ചർച്ചയായി. അതേ സമയം, മണ്ഡലത്തിൽ വർഷങ്ങളായി നടത്തിയ വികസനവും കെ.എസ്.ആർ.ടി.സി.യിൽ കൊണ്ടുവന്ന മാറ്റങ്ങളുമെല്ലാം മുൻനിർത്തി വിവാദങ്ങളെ മറികടക്കാനായിരുന്നു ഗണേഷ്കുമാറിന്റെ ശ്രമം.

എന്നാൽ ഗണേഷ്കുമാറിൻ്റെ തോൽവി കേരള കോൺഗ്രസ് (ബി) എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭാവിയെക്കൂടി ബാധിച്ചിരിക്കുകയാണ്. നിയമസഭയിൽ പാർട്ടിക്ക് പ്രാതിനിധ്യം ഇല്ലാതായി. തദ്ദേശസ്ഥാപനങ്ങളിൽമാത്രം പ്രാതിനിധ്യമുള്ള പാർട്ടിയായി മാറുകയും ചെയ്തു. പാർട്ടി പിറവിക്കുശേഷം ആദ്യമായാണ് എം.എൽ.എ.മാർ ഇല്ലാതാകുന്ന അവസ്ഥ. മുൻപ് പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ തോറ്റപ്പോഴും പത്തനാപുരത്ത് കെ.ബി. ഗണേഷ്കുമാർ വിജയിച്ചിരുന്നു.2006-ൽ സി.പി.എം. സ്ഥാനാർഥിയായ അയിഷാപോറ്റിയോട് ആർ. ബാലകൃഷ്ണപിള്ള പരാജയപ്പെട്ടതോടെ കൊട്ടാരക്കരയിൽ ‘പിള്ള യുഗം’ അവസാനിച്ചെങ്കിലും പാർട്ടി നിലനിന്നു.

കേരള കോൺഗ്രസ് (ബി) എൽ.ഡി.എഫിൽ ചേർന്നതോടെ കൊട്ടാരക്കര സീറ്റ് നഷ്ടമായി. 2021-ൽ തിരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷമാണ് ആർ. ബാലകൃഷ്ണപിള്ള മരിക്കുന്നത്. പിള്ളയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽതന്നെ പാർട്ടിക്കുണ്ടായിരുന്ന ഏക സീറ്റിലും പാർട്ടി തോറ്റു.കേരളകോൺഗ്രസി(ബി)ൻ്റെ ആസ്ഥാനം ബാലകൃഷ്ണപിള്ള മരിക്കുംവരെ കൊട്ടാരക്കരയായിരുന്നു. കൊട്ടാരക്കരയിലെ വീടിനോടുചേർന്ന പാർട്ടി ഓഫീസ് മന്ദിരമായിരുന്നു പ്രവർത്തനകേന്ദ്രം. ജില്ലാ കമ്മിറ്റി ഓഫീസും നിയോജകമണ്ഡലം ഓഫീസും ഇവിടെയായിരുന്നു.

കെ.ബി. ഗണേഷ്കുമാർ പാർട്ടി ചെയർമാൻ ആയതോടെ ആദ്യം ചെയ്‌തത് കൊട്ടാരക്കരയിലെ ജില്ലാ കമ്മിറ്റി ഓഫീസ് മാറ്റുകയായിരുന്നു. പാർട്ടി യോഗങ്ങളിൽ ചെയർമാൻ പങ്കെടുക്കാതായി. കമ്മിറ്റികൾക്ക് നിർദേശം നൽകാൻ മാനേജർമാരെ നിയമിച്ചെന്ന ആക്ഷേപവും ഉയർന്നു. കൂടാതെ, ബാലകൃഷ്ണപിള്ളയ്ക്കൊപ്പം നിലയുറപ്പിച്ചവരെല്ലാം പാർട്ടിയോടു പിണങ്ങി അകന്നു. 28 ജനപ്രതിനിധികൾ ഉണ്ടായിരുന്ന പാർട്ടിക്ക് പത്തനാപുരത്തും കൊട്ടാരക്കരയിലും പുനലൂരുമായി നിലവിലുള്ളത് 11 പേർ മാത്രം.

Reports say Oommen Chandy factor behind Ganesh Kumar’s defeat

More Stories from this section

family-dental
witywide