
സംസ്ഥാനത്ത് ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം അമ്മയെയും മാതാപിതാക്കളെയും വരെ കൊലപ്പെടുത്തുന്ന ക്രൂരതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മയക്കുമരുന്നാണെന്നും ഈ മാഫിയയെ സംസ്ഥാനത്തുനിന്ന് പൂർണ്ണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐജി പുട്ട വിമലാദിത്യയെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരള പോലീസിന്റെയും എക്സൈസിന്റെയും സംയുക്ത കയ്യൊപ്പുള്ള മികച്ചൊരു പദ്ധതിയായി ഓപ്പറേഷൻ തൂഫാൻ മാറുമെന്ന് ചടങ്ങിൽ സംസാരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പുതുതലമുറയെ മയക്കുമരുന്നിന് അടിമകളാക്കുന്ന മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ലഹരി വിൽപനക്കാർ എത്രയും പെട്ടെന്ന് ഈ പരിപാടി നിർത്തണമെന്നും ഇല്ലെങ്കിൽ നിയമത്തിന്റെ ശക്തമായ കരങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും ആഭ്യന്തരമന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഡിജെ പാർട്ടികളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും വരെ നടക്കുന്ന ലഹരി വിൽപ്പനയ്ക്ക് പുതിയ പദ്ധതിയിലൂടെ പൂട്ടിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിയമത്തിന്റെ മുന്നിൽ പദവിയോ പണമോ പ്രശ്നമല്ലെന്നും പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ലഹരിമാഫിയയുമായി ബന്ധപ്പെട്ട കേസുകളിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകാൻ ശ്രമിച്ചാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകും. കേരളത്തെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയിലൂടെ വരുംദിവസങ്ങളിൽ പരിശോധനകളും കടുത്ത നടപടികളും ഉണ്ടാകുമെന്നാണ് ആഭ്യന്തരമന്ത്രി നൽകിയ സൂചന.
Operation Toofan launched to wipe out drug mafia; CM and Home Minister promise strict action











