അധികാരത്തിലേറിയ രണ്ട് മാസം കൊണ്ട് 10400 കോടി രൂപ കടമെടുത്ത് വി.ഡി.സതീശൻ സർക്കാർ. പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് സർക്കാർ ആണ് ഇതിനകം ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം വായ്പയെടുത്തു കഴിഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു. എന്നാൽ, അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ വി.ഡി.സതീശൻ സർക്കാരും കടമെടുപ്പ് തുടരുകയാണ്.
ഭരണത്തിലേറി രണ്ട് മാസത്തിനകം സർക്കാർ 10400 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തു.മെയ് 26നായിരുന്നു ആദ്യം കടമെടുത്തത് പിന്നീടിങ്ങോട്ട് ഈ മാസം 21ന് എടുത്ത 2200 കോടി രൂപ ഉൾപ്പെടെ മൊത്തം 5 തവണകളായിട്ടാണ് 10400 കോടി രൂപ കടമെടുത്തത്. ഡിസംബർ വരെയുളള സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 23000 കോടി രൂപയാണ്. ഡിസംബർ വരെ വായ്പയെടുക്കാനുളള തുകയുടെ ഏതാണ്ട് പകുതിയോളം വി.ഡി സതീശൻ സർക്കാർ രണ്ട് മാസം കൊണ്ട് കടം വാങ്ങിക്കഴിഞ്ഞു. ഇനി ഓണക്കാല ചെലവുകൾക്ക് കൂടി പണം കണ്ടത്തേണ്ടതുണ്ട്. അതോടെ കടമെടുപ്പ് ഇനിയും കൂടുമെന്ന് ഉറപ്പാണ്. പ്രിയദർശിനി സൗജന്യ ബസ് യാത്ര അടക്കമുളള സാമ്പത്തിക ബാധ്യത വരുന്ന പദ്ധതികളാണ് സർക്കാരിന്റെ ചെലവ് വർദ്ധിപ്പിച്ചിട്ടുള്ളത്.
The VD Satheesan government borrowed over ₹10,000 crore in two months.











