രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ അറസ്റ്റിലായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ദില്ലി പൊലീസ് വിട്ടയച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിട്ടയക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വിശുദ്ധമായതിനെ സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും തങ്ങളെ തടയാൻ നരേന്ദ്ര മോദിക്കോ അമിത് ഷായ്‌ക്കോ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ബാരകമ്പ പൊലീസ് സ്റ്റേഷന് മുന്നിൽ വലിയ തോതിലുള്ള സംഘർഷാവസ്ഥയാണ് ഉടലെടുത്തത്. സ്റ്റേഷന് മുന്നിൽ നിലയുറപ്പിച്ചിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ.സി. വേണുഗോപാൽ, ഇടത് എം.പിമാർ തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് ആദ്യം സ്റ്റേഷന് മുന്നിൽ തടഞ്ഞുവെച്ചെങ്കിലും പിന്നീട് അകത്തേക്ക് കടത്തിവിട്ടു.
ദില്ലിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് നീക്കുകയായിരുന്നു. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കുകയുണ്ടായി.
പ്രതിപക്ഷ സമരത്തിന് കേരളത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഈ സമരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നാളെയും പ്രതിഷേധ പരിപാടികൾ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അറിയിച്ചു.










