ഗ്യാനേഷിനെതിരെ ഇന്നും പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ മുന്നണി, രാഹുലും ഖാർഗേയുമടക്കം എംപിമാർ ജന്തർ മന്തറിലേക്ക്; വഴി തടഞ്ഞ് പൊലീസ്, സംഘർഷഭരിതം തലസ്ഥാനം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ മുന്നണി. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സമ്മർദ്ദം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിന് ശേഷം മൂന്ന് ബസ്സുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ട പ്രതിപക്ഷ എം.പിമാർ കയറിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. യൂത്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും പ്രതിഷേധത്തിൽ തെരുവിലിറങ്ങിയിട്ടുണ്ട്.

പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുമ്പായി ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ നിയമാനുസൃത തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെന്നും രാജ്യദ്രോഹിയാണെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ നിലവിൽ 45 എഫ്.ഐ.ആറുകളുണ്ടെന്നും 100 എഫ്.ഐ.ആറുകളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ ഓരോ എഫ്.ഐ.ആറും ഓരോ മെഡലായിട്ടാണ് കാണുന്നതെന്നും രാഹുൽ വ്യക്തമാക്കി.

ലക്ഷ്യം നേടുംവരെ പ്രതിഷേധം തുടരുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ത് ചെയ്താലും അതിന് പിന്നിൽ നരേന്ദ്ര മോദിയാണെന്നും മോദിയാണ് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എത്ര കേസുകളെടുത്താലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിപ്പിക്കുകയോ ഭയപ്പെടുകയോ ഇല്ലെന്നും ഖാർഗെ വ്യക്തമാക്കി.

പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് അസാധാരണമായ പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ എം.പിമാരുടെ ബസ് മുന്നോട്ട് പോകാതിരിക്കാൻ ആർ.എ.എഫ് വാഹനം ബസിന് കുറുകെയിടുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ജന്തർ മന്തറിലേക്കുള്ള വഴികൾ അടച്ചെങ്കിലും പൊലീസ് തടഞ്ഞാലും പ്രതിഷേധത്തിൽ നിന്ന് പിന്തിരിയില്ലെന്നാണ് ഇന്ത്യാ മുന്നണി നേതാക്കളുടെ നിലപാട്.

അതിനിടെ, ഇന്നലെ ആകാശവാണി ഭവനിൽ നടത്തിയ മിന്നൽ സമരത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റ് കോൺഗ്രസ് നേതാക്കളും എം.പിമാരും ഉൾപ്പെടെ 12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Opposition Protests Against CEC Gyanesh Kumar Escalate; INDIA Bloc MPs March to Jantar Mantar Amid Police Blockades

More Stories from this section

family-dental
witywide