ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്താൻ ‘ഇന്ത്യ’ സഖ്യം; രാഷ്ട്രപതിയെ കാണാൻ സമയം തേടി; ഖാർഗെ എം.പിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ പ്രതിപക്ഷ പാർട്ടികൾ സമയം തേടിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ ‘ഇന്ത്യ’ സഖ്യ നേതാക്കൾ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ഈ നീക്കം. തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വിഷയം ചർച്ച ചെയ്യുന്നതിനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എം.പിമാരുടെ യോഗം വിളിച്ചു ചേർത്തു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ ജനപ്രതിനിധികൾ ഒപ്പുവെക്കും. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ആശങ്കകളും ചോദ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നേരിട്ട് കണ്ടു ബോധിപ്പിക്കാനാണ് പ്രതിപക്ഷം ആഗ്രഹിച്ചതെന്ന് കസ്റ്റഡി മോചനത്തിന് ശേഷം രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

അതിനിടെ, പ്രതിഷേധം നടന്ന ചൊവ്വാഴ്ച വൈകീട്ട് നാല് മണിവരെ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 240-ഓളം എം.പിമാരുടെ സംഘം പാർലമെന്റ് ഹൗസ് അനക്സിൽ വെച്ച് കമ്മീഷണർമാരെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് വൈകീട്ട് നാലോടെ ഡൽഹി പൊലീസാണ് അറിയിച്ചതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇ.സി ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ആകാശവാണി ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Opposition Seeks Appointment with President Over CEC Gyanesh Kumar Issue; Kharge Convenes Opposition MPs’ Meeting

Also Read

More Stories from this section

family-dental
witywide