റഷ്യൻ തീരത്ത് എണ്ണക്കപ്പലിനുനേരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

മോസ്കോ: റഷ്യൻ കരിങ്കടൽ തീരത്തുവെച്ച് യുക്രൈൻ ഡ്രോണാക്രമണത്തെത്തുടർന്ന് തീപ്പിടിച്ച ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിൽനിന്ന് 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി. അഫ്രാമാക്സ് റിയോ എന്ന ടാങ്കറിനാണ് തീപ്പിടിച്ചത്. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

റഷ്യയിലെ തെക്കൻ ക്രാസ്നോദാർ മേഖലയിലെ സിറിയസ് ഫെഡറൽ ടെറിട്ടറിയുടെ തീരപ്രദേശത്താണ് സംഭവം. അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ളവർ അടിയന്തര രക്ഷാപ്രവർത്തനം നടത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കപ്പൽ തീപ്പിടിച്ചതിനെത്തുടർന്ന് പ്രദേശത്തെ ബീച്ചുകൾ അടച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ തീരപ്രദേശത്തേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.

അതേസമയം, 2022-ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ കരിങ്കടലിലും പരിസരപ്രദേശങ്ങളിലും വാണിജ്യ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ മാസവും യൂറോപ്യൻ യൂണിയൻ അംഗമായ റൊമാനിയയുടെ തീരത്തിന് സമീപം യുക്രെയ്ൻ ചരക്കുകളുമായി പോയ ധാന്യക്കപ്പലുകൾക്ക് നേരെ റഷ്യ ആക്രമണം നടത്തിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അന്ന് പറഞ്ഞത്, യുക്രെയ്ൻ ധാന്യവുമായി ഈജിപ്തിലേക്ക് പോകുകയായിരുന്ന ഒരു കപ്പലിന് യുക്രെയ്ൻ സമുദ്രപരിധി വിട്ടതിന് പിന്നാലെ റഷ്യൻ മിസൈൽ പതിച്ചെന്നായിരുന്നു. സംഭവത്തിൽ ആളപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Ukrainian drone attack on oil tanker off Russian coast; all 23 Indian crew members rescued.

More Stories from this section

family-dental
witywide