ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് എംപിമാരടക്കം പ്രതിഷേധിച്ചവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതിനിടെ ഇന്ത്യ സഖ്യ നേതാക്കളെ ഈ മാസം 15ന് കാണാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം കോൺഗ്രസ് തള്ളി. നാളെ തന്നെ കമ്മീഷനെ കാണണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് നിലപാട് അറിയിക്കുന്നതിൽ അപാകതയില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ കാണേണ്ടതില്ലെന്ന അഭിപ്രായത്തോടും യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യത്തിലെ എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ തന്നെ നീക്കാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ കൊണ്ടുപോയ ബസിന്റെ കാറ്റ് അഴിച്ചുവിടുകയും ബസിന്റെ താക്കോൽ ഊരിയെടുത്ത് ഒരു പ്രവർത്തകൻ ഓടുകയും ചെയ്തു. കോൺഗ്രസ് എംപിമാർ കൈകോർത്തുപിടിച്ചാണ് പ്രതിഷേധം നടത്തിയത്. ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരെ സ്ഥലത്തുനിന്ന് നീക്കാൻ പൊലീസ് ശ്രമിക്കുകയും ചെയ്തു.












