
നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെഎസ് യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന ആരോപണം ശക്തമാക്കിക്കൊണ്ട് തിരുത്തുന്നതിന് മുൻപുള്ള ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്തുവന്നു. ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഈ ഡയറി. പിണറായി വിജയൻ പറഞ്ഞ ‘രക്ഷാപ്രവർത്തനമല്ല’ ആലപ്പുഴയിൽ നടന്നതെന്ന് അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. ആദ്യ അന്വേഷണ സംഘം തയ്യാറാക്കിയ യഥാർത്ഥ കേസ് ഡയറി പെൻഡ്രൈവിലാക്കി തിരുവനന്തപുരത്ത് എഡിജിപിയുടെ ഓഫീസിൽ എത്തിച്ച ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കി തിരുത്തിയെഴുതിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ.
ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. അരുൺ തയ്യാറാക്കിയ ആദ്യ ഡയറിയിൽ മർദ്ദനത്തിന്റെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്നിറങ്ങിയ വെള്ള ഷർട്ട് ധരിച്ച ആളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ലാത്തി പോലുള്ള ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാരെ തല്ലിച്ചതച്ചെന്നും ഇതിനിടയിൽ ലോക്കൽ പോലീസിനും പരിക്കേറ്റെന്നും ഇതിൽ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും ആദ്യ ഡയറിയിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ വിവരങ്ങളെല്ലാം പൂഴ്ത്തിവെച്ചാണ് പിന്നീട് കേസ് എഴുതിത്തള്ളിയത്. തിരുത്തലിന് മുൻപും ശേഷവുമുള്ള രണ്ട് കേസ് ഡയറികളും നിലവിൽ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.
കേസ് അട്ടിമറിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന ഈ ‘രണ്ടാം രക്ഷാപ്രവർത്തനത്തിൽ’ ഡിജിപിയും ആഭ്യന്തരവകുപ്പും ഉടൻ തുടർനടപടികൾ സ്വീകരിക്കും. കുറ്റാരോപിതരായ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ളവർക്കെതിരായ ആദ്യ അന്വേഷണ റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. തൊട്ടുപിന്നാലെ എസ്‌ഐടിയുടെ വിശദമായ അന്തിമ റിപ്പോർട്ടും സമർപ്പിക്കും. കേസ് ഡയറി തിരുത്തിയെന്ന ഗുരുതരമായ കുറ്റകൃത്യം തെളിഞ്ഞതോടെ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഉടൻ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നുള്ള സൂചന.
Original Case Diary Leaked in Navakerala Assault Case, Serious Allegations Against ADGP M R Ajith Kumar













