
പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന ലോകത്തിന്റെ വലിയ പ്രതീക്ഷകൾക്ക് കരുത്തേകി പാകിസ്ഥാൻ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തും. ഇറാനുമായി രണ്ട് ദിവസത്തിനകം ചർച്ച തുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നിർണ്ണായകമായ ഈ സന്ദർശനം. ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടെങ്കിലും, രണ്ടാം ഘട്ടത്തിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കയുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കണമെന്ന നിർദ്ദേശമാകും പാക് സംഘം ഇറാന് കൈമാറുക. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വ്യക്തമാക്കിയിട്ടുണ്ട്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ടു പോകാനും ഇറാൻ തയ്യാറായാൽ നിലവിലെ സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായേക്കും.
ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നത് നിലവിൽ വെല്ലുവിളിയാണെങ്കിലും, സാഹചര്യം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങാത്തത് ശുഭസൂചനയായാണ് നയതന്ത്ര ലോകം കാണുന്നത്. അയൽരാജ്യമെന്ന നിലയിൽ ഇറാനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള മധ്യസ്ഥന്റെ റോളിലാണ് പാകിസ്ഥാൻ ഇടപെടുന്നത്. ഈ വാരാന്ത്യത്തോടെ ചർച്ചകളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സൂചന.
Pakistan delegation in Iran following Trump’s announcement; High hopes for West Asia peace talks















