
ഇസ്ലാമാബാദ്: ഹോർമുസ് കടലിടുക്കിലെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ചരക്കുനീക്കം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ഇറാനിലേക്ക് ആറ് പുതിയ കരമാർഗ്ഗങ്ങൾ തുറന്നു കൊടുക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ‘ട്രാൻസിറ്റ് ഓഫ് ഗുഡ്‌സ് ത്രൂ ടെറിട്ടറി ഓഫ് പാകിസ്ഥാൻ ഓർഡർ 2026’ എന്ന പേരിൽ ഏപ്രിൽ 25-ന് പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് പാക് തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ചരക്ക് കണ്ടെയ്‌നറുകൾ ഇറാനിലെത്തിക്കുന്നതിനുള്ള ബദൽ മാർഗ്ഗമായാണ് ഈ നീക്കം.
രണ്ട് മാസമായി തുടരുന്ന യുദ്ധസാഹചര്യത്തിൽ ഇറാനിലേക്കുള്ള ഏകദേശം 3,000 ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കറാച്ചി, ഗ്വാദർ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഉത്തരവ് പ്രകാരം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ പാകിസ്ഥാനിലൂടെ റോഡ് മാർഗ്ഗം ഇറാനിലേക്ക് കൊണ്ടുപോകാൻ സാധിക്കും. കറാച്ചി, പോർട്ട് ഖാസിം, ഗ്വാദർ എന്നീ പ്രധാന തുറമുഖങ്ങളെ ഇറാൻ അതിർത്തിയിലെ ഗബ്ദ് (Gabd), തഫ്താൻ (Taftan) എന്നീ ക്രോസിംഗുകളുമായി ബന്ധിപ്പിക്കുന്ന ആറ് പാതകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലൂടെയാണ് ഈ പാതകൾ കടന്നുപോകുന്നത്.2008-ൽ പാകിസ്ഥാനും ഇറാനും തമ്മിലൊപ്പിട്ട ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം. ഇറാൻ ഇതുവരെ സ്വന്തം തുറമുഖങ്ങളെയാണ് വ്യാപാരത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് എന്നതിനാൽ ഈ കരമാർഗ്ഗങ്ങൾ സജീവമായിരുന്നില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കടൽയാത്ര അപകടകരമായതോടെ പാകിസ്ഥാനെ ഒരു ‘ട്രേഡ് കോറിഡോർ’ ആയി ഉപയോഗിക്കാൻ ഇറാൻ നിർബന്ധിതരാവുകയായിരുന്നു. അഫ്ഗാനിസ്ഥാനെ ഒഴിവാക്കി പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് വ്യാപാരം നടത്താൻ പാകിസ്ഥാനും ഈ നീക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.














