ഇറാനുമായുള്ള സമാധാന ചർച്ച: ട്രംപിൻ്റെ പ്രതിനിധികളും മരുമകൻ കുഷ്നറും പാകിസ്ഥാനിലേക്ക്

ഇസ്ലാമാബാദ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ശനിയാഴ്ച പാകിസ്ഥാനിലെത്തും. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സംഘവും വെള്ളിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്.

“ഇറാൻ ചർച്ചകൾക്ക് താൽപ്പര്യപ്പെടുന്നുണ്ട്,” എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. നയതന്ത്രത്തിന് എപ്പോഴും അവസരം നൽകാൻ ട്രംപ് തയ്യാറാണെന്നും, ചർച്ചകൾ വിജയിച്ചാൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്ഥാനിലേക്ക് തിരിക്കാൻ സജ്ജനാണെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, അമേരിക്കയുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് എസ്മായിൽ ബാഖേയ് വ്യക്തമാക്കി. “ഇറാൻ്റെ നിരീക്ഷണങ്ങൾ പാകിസ്ഥാൻ വഴി യുഎസിനെ അറിയിക്കും. നിലവിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു. അതേസമയം, ഉപരോധങ്ങളും ഭീഷണികളുമാണ് ചർച്ചകൾക്ക് തടസ്സമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നത് നിലവിൽ സാധ്യമല്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. “അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ ലംഘിക്കുന്നു. ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുന്നതിന് തുല്യമാണ്,” അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ ആണവായുധ മോഹം ഉപേക്ഷിച്ചാൽ മാത്രമേ നല്ലൊരു കരാർ സാധ്യമാകൂ എന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. “അവർക്ക് നല്ലൊരു കരാറിനുള്ള അവസരമുണ്ട്, എന്നാൽ ആണവായുധം ഉപേക്ഷിക്കുന്നത് അന്താരാഷ്ട്രതലത്തിൽ തെളിയിക്കപ്പെടണം,” അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ആഗോളതലത്തിൽ ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന വെടിനിർത്തൽ കാലാവധി ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഈ വാരാന്ത്യത്തിൽ പാകിസ്ഥാനിൽ നടക്കുന്ന ചർച്ചകൾ ആഗോള വിപണിക്കും നിർണ്ണായകമാണ്.

    Peace talks with Iran: Trump’s representatives and son-in-law Kushner to Pakistan

    More Stories from this section

    family-dental
    witywide