ബിജെപിയെ എതിർക്കുന്നവരുടെ വോട്ടവകാശം കവരാനാണ് എസ്.ഐ.ആർ കൊണ്ടുവന്ന് വോട്ടുകൾ വെട്ടിമാറ്റിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും എസ്.ഐ.ആറിലൂടെ വോട്ടുകൾ വെട്ടിമാറ്റിയാണ് പിണറായി വിജയന്റേതടക്കമുള്ള സർക്കാരുകളെ ബിജെപി താഴെയിറക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബെംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ‘ജനകീയ ട്രൈബ്യൂണലിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധ്രുവ് റാഠി, നടൻ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നുവെന്നും, ‘400 പ്ലസ്’ അവകാശപ്പെട്ട ബിജെപിക്ക് 240 സീറ്റുകൾ മാത്രമേ നേടാനായുള്ളൂവെന്നും ദീപ്‌കെ പറഞ്ഞു. ഈ തിരിച്ചടിയാണ് ബിജെപിയെ പിന്തുണയ്ക്കാത്തവരുടെ വോട്ട് വെട്ടിമാറ്റാൻ അവരെ പ്രേരിപ്പിച്ചത്. ഇന്ത്യയിലുടനീളം 13 കോടിയും കർണാടകയിൽ ഒരു കോടിയും വോട്ടുകൾ വെട്ടിമാറ്റിയതായി അവകാശപ്പെട്ട അദ്ദേഹം, മമത ബാനർജിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും എം.കെ. സ്റ്റാലിന്റെയും മണ്ഡലങ്ങളിൽ വൻതോതിൽ വോട്ടുകൾ ഇല്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടി.
മോദിക്കെതിരെ പ്രചാരണം നടത്തി ബിജെപിയുടെ ഭൂരിപക്ഷം കുറച്ച നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഇതിലൂടെയാണ് കേരളത്തിലും പിണറായി വിജയനെ ഭരണത്തിൽ നിന്ന് പുറത്താക്കിയതെന്നും ദീപ്‌കെ വാദിച്ചു. ആൾക്കൂട്ടക്കൊലകളിൽ നിന്ന് ബിജെപിയെ എതിർക്കുന്നവരുടെ വോട്ട് വെട്ടിമാറ്റുന്ന രീതിയിലേക്ക് ആർഎസ്എസ് മാറിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. ധർമ്മേന്ദ്ര പ്രധാനായിരുന്നു ആദ്യ വിക്കറ്റെന്നും അടുത്തത് ഗ്യാനേഷ് കുമാറിന്റേതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Pinarayi Govt Ousted Through SIR, Claims Abhijit Dipke; Hits Out Over Voter Erasure














