
കേന്ദ്രത്തിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസും ലീഗും ഇപ്പോൾ കേന്ദ്ര നയങ്ങൾക്ക് മുന്നിൽ കീഴടങ്ങിയത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കരാർ ഒപ്പിട്ടതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്ന യുഡിഎഫിന്റെ വാദം തെറ്റാണ്. എൽഡിഎഫ് സർക്കാർ കരാർ ഒപ്പിട്ടെങ്കിലും സ്കൂളുകളുടെ ലിസ്റ്റ് നൽകാതെ അത് മരവിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാനം നിസ്സഹകരിച്ചാൽ ഉപേക്ഷിക്കാവുന്ന ഈ പദ്ധതി നടപ്പാക്കാൻ പുതിയ സർക്കാരിന് കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും വാഗ്ദാനം ലഭിച്ചിട്ടുണ്ടോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും, കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലൂടെ അവരുടെ നിലപാടാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചതിനെ ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമെന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മുൻപ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിച്ചപ്പോൾ ശക്തമായ നിലപാടാണ് എടുത്തത്. എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ഇതിൽ മറുപടി നൽകുന്നില്ലെന്നും സർക്കാരിന്റെ സംഘപരിവാർ വിധേയത്വമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുമ്പോഴും പിഎസ്‌സി അഡ്വൈസ് ലഭിച്ച ഡോക്ടർമാരുടെ നിയമനം വൈകുന്നതിലും ചില സംഘടനകളുടെ ഇടപെടലുകൾ കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാർ സ്ത്രീ സുരക്ഷാ, ‘കണക്ട് ടു വർക്ക്’ പദ്ധതികൾ തകർക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. പുതിയ അപേക്ഷകളിൽ നടപടിയെടുക്കാതെ സ്ത്രീ സുരക്ഷാ പദ്ധതികൾ മുടങ്ങിയിരിക്കുകയാണ്. സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവർ മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് വഴി കഴിഞ്ഞ രണ്ടുമാസമായി പെൻഷൻ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, അർഹരായ എല്ലാവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്യാൻ സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Pinarayi Vijayan Slams UDF Government Over PM SHRI Scheme, Governor’s Intervention and Welfare Pension Delay












