നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി; നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം കോടതി തള്ളി

നടൻ നിവിൻ പോളിയുമായുള്ള സിനിമാ നിർമ്മാണ തർക്കത്തിൽ പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് കനത്ത തിരിച്ചടി. ഇരുവർക്കുമിടയിലെ സാമ്പത്തിക തർക്കങ്ങൾ മധ്യസ്ഥ ചർച്ചയ്ക്ക് (ആർബിട്രേഷൻ) വിടണമെന്ന ലിസ്റ്റിന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളി. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

2012 സെപ്റ്റംബർ 12-നായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും തമ്മിൽ നിർമ്മാണ കരാർ ഒപ്പുവെച്ചത്. എന്നാൽ ഈ കരാറിൽ നിർബന്ധിത ആർബിട്രേഷൻ വ്യവസ്ഥകൾ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കൂടാതെ, കരാറിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ലിസ്റ്റിൻ സ്റ്റീഫന് സാധിച്ചില്ലെന്നും, നിവിൻ പോളിക്കെതിരെ ഉയർന്ന അപകീർത്തികരമായ പരാമർശങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ മാത്രം പരിഹരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയുടെ സുപ്രധാന സാമ്പത്തിക വിവരങ്ങൾ മാജിക് ഫ്രെയിംസ് മറച്ചുവെച്ചതായും വരുമാന രേഖകളിൽ കൃത്രിമത്വം കാണിച്ചതായും പോളി ജൂനിയർ പിക്ചേഴ്സ് നേരത്തെ ആരോപിച്ചിരുന്നു. കൃത്യമായ രേഖകളില്ലാതെ 7.5 കോടി രൂപയുടെ ബാധ്യത തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചെന്നും, 5.5 കോടി രൂപയുടെ ലോൺ പൂർണ്ണമായി തിരിച്ചടച്ചിട്ടും തീയതി രേഖപ്പെടുത്താത്ത സെക്യൂരിറ്റി ചെക്കുകൾ ലിസ്റ്റിൻ സ്റ്റീഫൻ കൈവശം വെച്ചിരിക്കുകയാണെന്നും നിവിൻ പോളിയുടെ കമ്പനി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ ലാഭവിഹിതത്തെച്ചൊല്ലിയും ഇരുവർക്കുമിടയിൽ ശക്തമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

Producer Listin Stephen Faces Setback as Court Rejects Plea for Arbitration in Financial Dispute With Nivin Pauly

More Stories from this section

family-dental
witywide