കുറഞ്ഞ വിലയിലെ വൈദ്യുത കരാർ റദ്ദാക്കിയത് പ്രതിസന്ധിയുടെ കാരണം, യുഡിഎഫ് അധികാരത്തിലേറിയാൻ നടപടിയെന്ന് കെസി വേണുഗോപാൽ; ലോഡ് ഷെഡ്ഡിംഗ് അല്ലെന്ന് മന്ത്രി

കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിണറായി ഭരണത്തിന്റെ ബാക്കിപത്രമാണെന്ന് കെസി വേണുഗോപാൽ എംപി വിമർശിച്ചു. ജനങ്ങൾ കൊടുംചൂടിൽ വലയുമ്പോൾ അവരെ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയത് അഴിമതി ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന കരാർ എന്തിനാണ് റദ്ദാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് പൂർത്തിയായതോടെ ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ മറന്നു. ഒരു മണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ സർക്കാർ മടിക്കില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഉണ്ടാക്കിയ കരാറുകൾ പിണറായി സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് യുഡിഎഫ് അധികാരത്തിലെത്തിയാൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യമാണ് രാജ്യം മുഴുവനുള്ളതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിയന്ത്രണമല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലാണ് ബോർഡ്. ഇന്ത്യയിലുടനീളം വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്. ഓവർലോഡ് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇത് ഔദ്യോഗികമായ ലോഡ് ഷെഡിങ് അല്ലെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ പുതിയ ജലവൈദ്യുത പദ്ധതികളെ എതിർത്തവർക്കെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. അതിരപ്പള്ളി, പൂയംകുട്ടി തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ പ്രതിഷേധിക്കുന്നവർ വികസന പദ്ധതികളെ തടഞ്ഞവരാണെന്നും മന്ത്രി പറഞ്ഞു. മഴ ലഭിക്കുന്നതോടെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

Power crisis in Kerala: UDF blames LDF’s corruption; Minister terms curbs unavoidable

More Stories from this section

family-dental
witywide