റിയാസിനൊപ്പം ഇഡി ഓഫീസിലെത്തി, മാസപ്പടി കേസിൽ വീണയെ എട്ടര മണിക്കൂർ ചോദ്യം ചെയ്തു; പുതിയ നോട്ടീസ് നൽകിയില്ല, ആവശ്യമെങ്കിൽ വിളിപ്പിക്കും

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7.30 വരെ, ഏതാണ്ട് എട്ടര മണിക്കൂറോളമാണ് നീണ്ടുനിന്നത്. രാവിലെ പത്തരയോടെ ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎയ്ക്കൊപ്പമാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയ ശേഷം റിയാസിനെ പുറത്തുനിർത്തി വീണ ഒറ്റയ്ക്കാണ് ഓഫീസിനുള്ളിലേക്ക് കയറിയത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ അവർ മടങ്ങുകയും ചെയ്തു.

നൽകാത്ത സേവനത്തിന്റെ പേരിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്കും 2.78 കോടി രൂപ ലഭിച്ചുവെന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഈ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള (PMLA) ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ മേയ് 27-ന് നടത്തിയ റെയ്ഡിൽ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈൽ ഫോണും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളും, ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടും മുൻനിർത്തി കൃത്യമായ ചോദ്യാവലി തയ്യാറാക്കിയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നടത്തിയത്.

നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പുറത്തിറങ്ങിയ വീണയ്ക്ക് ഇഡി നിലവിൽ പുതിയ സമൻസ് ഒന്നും നൽകിയിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ വീണയെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മറ്റൊരു സുപ്രധാന അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ (SFIO) ശേഖരിച്ച കൂടുതൽ ഔദ്യോഗിക രേഖകൾ ലഭ്യമായ ശേഷമായിരിക്കും ഇഡിയുടെ അടുത്ത ഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കുക എന്നാണ് സൂചന.

CMRL-Exalogic Case: ED Interrogates T Veena for Over Eight Hours in Kochi

More Stories from this section

family-dental
witywide