
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യത്തിലെ എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ തന്നെ നീക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും തങ്ങൾ പിന്നെ എവിടേക്ക് പോകുമെന്നും രാഹുൽ ചോദിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ കമ്മീഷനെ കാണാനാകുമെന്നാണ് സൂചന. ഇതിനായുള്ള നിവേദനം നിലവിൽ തയ്യാറാക്കുകയാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഡൽഹി പൊലീസിലെ ഡിസിപി മുഖേന സംസാരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി.
പൊലീസ് ഉദ്യോഗസ്ഥർ കെ.സി. വേണുഗോപാലുമായി വീണ്ടും ചർച്ച നടത്തി. ഇതിനിടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ കൊണ്ടുപോയ ബസിന്റെ കാറ്റ് അഴിച്ചുവിടുകയും ബസിന്റെ താക്കോൽ ഊരിയെടുത്ത് ഒരു പ്രവർത്തകൻ ഓടുകയും ചെയ്തു. കോൺഗ്രസ് എംപിമാർ കൈകോർത്തുപിടിച്ചാണ് പ്രതിഷേധം നടത്തിയത്. ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരെ സ്ഥലത്തുനിന്ന് നീക്കാൻ പൊലീസ് ശ്രമിക്കുകയും ചെയ്തു.











