
സെപ്റ്റംബർ അഞ്ചിന് ദില്ലിയിൽ നടക്കാനിരിക്കുന്ന സി.ജെ.പി മാർച്ച് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ദില്ലിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി മാർച്ചിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും അധികൃതരുടെയും ചുമതലയാണെന്ന് വ്യക്തമാക്കിയ കോടതി, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്കാണ് സി.ജെ.പി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വഴിവെച്ച ജന്തർ മന്തിറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്ന് അടക്കമുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പുതിയ സമരം. എഫ്.ഐ.ആറുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചതായും സി.ജെ.പി പ്രവർത്തക സമിതി ആരോപിക്കുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസും രാഹുൽ ഗാന്ധിയും നടത്തുന്ന നീക്കങ്ങളും മഹാരാഷ്ട്രയിലും രാജസ്ഥാനിലും പ്രവർത്തകർക്കെതിരെ പുതിയ കേസുകൾ എടുത്തതുമാണ് സി.ജെ.പിയെ വീണ്ടും തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. സെപ്റ്റംബർ 12, 13 തീയതികളിൽ ബ്രിക്സ് ഉച്ചകോടിക്കായി ഇരുപതോളം രാഷ്ട്രനേതാക്കൾ ദില്ലിയിൽ എത്താനിരിക്കെയാണ് ഈ മാർച്ചെന്നതും ശ്രദ്ധേയമാണ്. നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് പരിക്കേറ്റ വിദ്യാർത്ഥികളും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളും മാർച്ചിൽ അണിനിരക്കും.
Supreme Court Refuses to Stop CJP’s September 5 March in Delhi Ahead of BRICS Summit












