യൂറോപ്പുമായി ഒരു തരത്തിലുള്ള സംഘർഷത്തിനും റഷ്യ ഒരുങ്ങുന്നില്ലെന്ന് പുടിൻ; യുക്രൈൻ ചർച്ചകൾ പരിഗണനയിൽ

യൂറോപ്യൻ രാജ്യങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിനോ സംഘർഷത്തിനോ റഷ്യ തയ്യാറെടുക്കുന്നില്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യ നാറ്റോ രാജ്യങ്ങളുടെ പ്രദേശത്തേക്ക് ആക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന ചില യൂറോപ്യൻ രാജ്യങ്ങളുടെ മുന്നറിയിപ്പുകൾ തള്ളിയാണ് പുടിന്റെ പ്രതികരണം. യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംഘർഷം രൂക്ഷമാക്കാൻ റഷ്യയ്ക്ക് യഥാർഥ കാരണമൊന്നുമില്ല എന്നും റഷ്യ വലിയൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണെന്ന യൂറോപ്പിലെ ചിലരുടെ വാദം തെറ്റാണെന്നും പുടിൻ പറഞ്ഞു.

“റഷ്യയിൽനിന്ന് ആക്രമണം ഉണ്ടാകുമെന്ന് യൂറോപ്പിലെ പലരും പറയുന്നു. അതിനാൽ റഷ്യക്കെതിരായ യുദ്ധത്തിന് തയ്യാറെടുക്കണമെന്നാണ് അവരുടെ നിലപാട്. എന്നാൽ യൂറോപ്പുമായി ഒരു തരത്തിലുള്ള യുദ്ധത്തിനും ഞങ്ങൾ തയ്യാറെടുക്കുന്നില്ല,” സെന്റ് പീറ്റേഴ്സ്ബർഗിൽ മാധ്യമങ്ങളോട് പുടിൻ വ്യക്തമാക്കി. യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെ, റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുക്രൈൻ അതിർത്തിക്കപ്പുറത്തേക്കും വ്യാപിക്കുമോയെന്ന ആശങ്ക യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമാണ്. റഷ്യയുടെ ഭാഗത്തുനിന്ന് അട്ടിമറി, സൈബർ ആക്രമണം, രഹസ്യ നീക്കങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും യുക്രൈനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓഗസ്റ്റിൽ ലീപ്സിഗ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിട്ടിരുന്നതായി ജർമനി ഈ മാസം ആദ്യം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ റഷ്യൻ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായത്. യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ റഷ്യ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചേക്കാമെന്ന് പോളണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.അതേസമയം, നാറ്റോ രാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണം ക്രെംലിൻ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

യുക്രൈനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ സാധ്യതയും പുടിൻ തള്ളിക്കളഞ്ഞില്ല. റഷ്യൻ പ്രദേശങ്ങൾക്കെതിരെ യുക്രൈൻ നടത്തിയ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തുടർനടപടികൾ ആലോചിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾ പുനരാരംഭിക്കാനുള്ള നിർദേശങ്ങൾ ഇപ്പോഴും പരിഗണനയിലുണ്ട്. അതിനുള്ള സാധ്യതയുമുണ്ട്. എന്നാൽ അവർ ചെയ്ത കാര്യങ്ങൾ കണക്കിലെടുത്ത്, അതിന് മറുപടിയായി സ്വീകരിക്കേണ്ട നടപടികൾ എന്തെന്ന് ഞങ്ങൾ ഗൗരവമായി ആലോചിക്കുമെന്നും പുടിൻ പറഞ്ഞു.

അതേസമയം, ചർച്ചകളുടെ സാധ്യത തുറന്നുവെച്ചിട്ടുണ്ടെങ്കിലും, യുക്രൈന്റെ സമീപകാല ആക്രമണങ്ങളോടുള്ള പ്രതികരണം വിലയിരുത്തിയ ശേഷമായിരിക്കും റഷ്യയുടെ അടുത്ത നീക്കമെന്നാണ് പുടിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

Putin says Russia not preparing for ‘any kind’ of conflict with Europe, weighs Ukraine talks

More Stories from this section

family-dental
witywide