സുഭാഷ് ചന്ദ്രയുടെ പാപ്പരത്വ കേസ്: എൻസിഎൽടി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ പാപ്പരത്വ കേസിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) വിവാദ ഉത്തരവിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വൻകിടക്കാർക്ക് കൊള്ളയടിക്കാൻ ട്രൈബ്യൂണൽ കൂട്ടുനിൽക്കുന്നുവെന്ന് എക്‌സ് പോസ്റ്റിലൂടെ ആരോപിച്ച അദ്ദേഹം, അതിനെ നേതാക്കന്മാരുടെയും കമ്പനികളുടെയും കൊള്ളസംഘം എന്ന് വിശേഷിപ്പിച്ചു. സാധാരണക്കാരന് ഒരു നിയമവും ശതകോടീശ്വരന്മാർക്ക് മറ്റൊരു നിയമവുമാണ് രാജ്യത്തുള്ളതെന്നും പാവപ്പെട്ട കർഷകരുടെയും വിദ്യാർത്ഥികളുടെയും വായ്പകൾക്ക് മേൽ കർശന നടപടി സ്വീകരിക്കുന്ന ബാങ്കുകൾ ചില ‘സുഹൃത്തുക്കൾക്ക്’ തോന്നിയതുപോലെ പണം തിരിച്ചടയ്ക്കാൻ സൗകര്യം ഒരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമടങ്ങുന്ന വായ്പാ ദാതാക്കൾ സമർപ്പിച്ച 22,006.57 കോടി രൂപയുടെ അവകാശവാദത്തിന്മേൽ വെറും 6.5 കോടി രൂപയുടെ തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടി അംഗീകാരം നൽകിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതോടെ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് തങ്ങൾ തിരിച്ചുപിടിക്കേണ്ട തുകയുടെ 99.97 ശതമാനവും എഴുതിത്തള്ളേണ്ടി വരും. ഇന്ത്യയിലെ വ്യക്തിഗത പാപ്പരത്വ കേസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഇളവുകളിലൊന്നാണിത്. അതായത് ബാങ്കുകൾക്ക് ലഭിക്കുക ഓരോ 100 രൂപയ്ക്കും വെറും മൂന്ന് പൈസ വീതം മാത്രമായിരിക്കും.

ട്രൈബ്യൂണലിലെ അംഗങ്ങൾക്കിടയിൽ ഉണ്ടായ ഭിന്നവിധിയെത്തുടർന്ന് മൂന്നാമതൊരു അംഗമായ നിലേഷ് ശർമയ്ക്ക് വിഷയം കൈമാറുകയും, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് സെക്ഷൻ 114 പ്രകാരം അദ്ദേഹം പദ്ധതിക്ക് അനുമതി നൽകുകയുമായിരുന്നു. വായ്പ നൽകിയവരിൽ 80 ശതമാനം പേരും സുഭാഷ് ചന്ദ്രയുടെ വായ്പാ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ചതോടെയാണ് ഇളവ് ലഭിച്ചത്. എന്നാൽ 1,322.39 കോടി രൂപയ്ക്ക് പകരം വെറും 38 ലക്ഷം രൂപ മാത്രം ലഭിക്കുന്ന എൽഐസി ഹൗസിംഗ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരടങ്ങുന്ന 20 ശതമാനത്തിൽ താഴെ വരുന്ന വിഭാഗം ഇതിനെ കടുത്ത ഭാഷയിൽ എതിർത്തു. ഇതിനെതിരെ അപ്പീൽ പോകുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചിട്ടുണ്ട്.

എന്നാൽ, വായ്പാ ദാതാക്കളിലെ ഭൂരിപക്ഷത്തിന്റെ വാണിജ്യപരമായ തീരുമാനത്തെ മറികടക്കാൻ കഴിയില്ലെന്നാണ് എൻസിഎൽടി വ്യക്തമാക്കിയത്. അതേസമയം ഉത്തരവ് വിവാദമായതിന് പിന്നാലെ സുഭാഷ് ചന്ദ്ര സ്വന്തം വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടില്ലെന്നും എസ്സൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ എടുത്ത വായ്പകൾക്ക് വ്യക്തിഗത ജാമ്യം നിൽക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു.

കമ്പനികൾ വായ്പാ തിരിച്ചടവ് മുടക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളം സ്വന്തം അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്നും, 2016-ൽ 39.08 കോടിയായിരുന്ന ആസ്തി 2024-ൽ 31.79 കോടിയായി കുറഞ്ഞത് അതുകൊണ്ടാണെന്നും ഓഫീസ് അവകാശപ്പെട്ടു. നിലവിലുള്ള ആസ്തികളുടെ അടിസ്ഥാനത്തിലാണ് 6.5 കോടിയുടെ തിരിച്ചടവ് നിശ്ചയിച്ചതെന്നും 2017-ൽ അദ്ദേഹത്തിന് 45,888 കോടിയുടെ ആസ്തി ഉണ്ടായിരുന്നു എന്ന വാർത്തകൾ എസ്സൽ ഗ്രൂപ്പിന്റെ വിപണി മൂല്യത്തെ വ്യക്തിഗത ആസ്തിയായി തെറ്റായി കണക്കാക്കിയതാണെന്നും ചന്ദ്രയുടെ ഓഫീസ് അറിയിച്ചു.

Rahul Gandhi Slams NCLT Order in Subhash Chandra Bankruptcy Case

More Stories from this section

family-dental
witywide