
നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴുമെന്നും അടുത്ത വർഷം മോദി പ്രധാനമന്ത്രി പദവിയിൽ ഉണ്ടാകില്ലെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിലവിലെ കേന്ദ്ര സർക്കാരിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും ഭരണപക്ഷത്തിന്റെ അകത്തെ പല സുപ്രധാന വിവരങ്ങളും പ്രതിപക്ഷത്തിന് കൃത്യമായി ചോർന്നുകിട്ടുന്നുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ അവകാശപ്പെട്ടു. സർക്കാരിന്റെ ആയുസ്സ് അധികകാലം ഉണ്ടാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
എന്നാൽ രാഹുൽ ഗാന്ധി അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു. യഥാർത്ഥത്തിൽ ആഭ്യന്തര കലഹം കടുത്തിരിക്കുന്നത് കോൺഗ്രസിനുള്ളിലാണെന്നും അത് മറച്ചുവെക്കാനാണ് പ്രതിപക്ഷ നേതാവ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ ബിജെപി നേതൃത്വം, എൻഡിഎ സർക്കാർ ശക്തമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
Rahul Gandhi says Modi Govt will fall in a year, BJP rejects claim















