മോദിയുഗം അവസാനിപ്പിക്കാതെ അടങ്ങില്ല, മോഗമ്പോ എന്നും വിശേഷിപ്പിച്ച് രാഹുൽ; ‘പ്രതിഷേധം അടിച്ചമർത്താമെന്ന് കരുതണ്ട, മോദിയുടെയും കൂട്ടാളികളുടെയും നാളുകൾ എണ്ണപ്പെട്ടു’

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത കടന്നാക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ 15 കൊല്ലം ചെയ്ത കാര്യങ്ങൾ ഇനി തുടരാനാവില്ലെന്നും മോദിയും അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെ, മോദിയെ യഥാർത്ഥ വില്ലൻ എന്നർത്ഥമുള്ള ‘മോഗമ്പോ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം വിമർശനം അഴിച്ചുവിട്ടത്. മോദിയുഗം അവസാനിപ്പിക്കാതെ അടങ്ങില്ലെന്നും ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ഒരാൾക്കും കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ നിശബ്ദരാക്കാനും പ്രതിഷേധക്കാരെ അടിച്ചമർത്താനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ഡൽഹിയിൽ കഴിഞ്ഞ കുറച്ചു നാളുകളായി വിദ്യാർത്ഥികളെ തെരുവിൽ നേരിടുന്നത് ആർ.എസ്.എസ് ഗുണ്ടകളും മോദി ഭക്തരുമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്റർനെറ്റ് പോലും വിച്ഛേദിച്ചാണ് അടിച്ചമർത്തൽ നടത്തുന്നതെന്നും കുറ്റപ്പെടുത്തി. എത്ര അധികാരവും പണവുമുണ്ടായാലും രാജ്യത്തിന്റെ ഒത്തൊരുമയെയും വിദ്യാർത്ഥികളെയും തളർത്താൻ പ്രധാനമന്ത്രിക്കോ അമിത് ഷാക്കോ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വോട്ട് മോഷണം നടത്തുന്നതും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഭാഷയിലേക്കും സംസ്കാരത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളും ധനാഢ്യന്മാരുമാണെന്നും, നീതിക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ഒരു ശക്തിക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജിജ്ഞാസയുടെ കടയ്ക്കൽ കത്തിവെക്കുന്ന മോദിയും അമിത് ഷായും തമിഴ്നാടിന്റെ സംസ്കാരത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ ജനാധിപത്യത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടലാണെന്നും അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു. ചെന്നൈയിലെത്തിയ രാഹുൽ, മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Rahul Gandhi Slams PM Modi in Chennai, Says ‘Days of Modi and His Associates Are Numbered’

More Stories from this section

family-dental
witywide