
വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ ലോക്സഭയിൽ ‘പതിനാറാം നമ്പർ’ പരാമർശവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണ്ഡല പുനർനിർണയത്തെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അദ്ദേഹം ഈ പ്രയോഗം നടത്തിയത്. ഈ സംഖ്യ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നുണ്ടെന്നും അതിന്റെ പിന്നിലെ രഹസ്യം വൈകാതെ വെളിപ്പെടുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ ഈ സംഖ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.
സ്ത്രീകളെ മറയാക്കി രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച രാഹുൽ, ഒബിസി വിഭാഗത്തിനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതാണ് ഭരണപക്ഷത്തിന്റെ യഥാർത്ഥ അജണ്ടയെന്നും കുറ്റപ്പെടുത്തി. മണ്ഡല പുനർനിർണയത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനുള്ള നീക്കം രാജ്യവിരുദ്ധമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഭരണഘടനയ്ക്ക് മേൽ ‘മനുവാദം’ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും ജാതി സെൻസസ് വിവരങ്ങൾ പ്രാതിനിധ്യം നിശ്ചയിക്കാൻ ഉപയോഗിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
Rahul Gandhi’s cryptic ‘Number 16’ remark in Lok Sabha targets PM Modi; says secret will be revealed soon














