ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി പരിഷ്‌കരണം ഇനി വൈകിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൃത്യമായ സമയപരിധിയും വ്യക്തമായ ഫലവും നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.
യുഎൻ സുരക്ഷാസമിതി പരിഷ്‌കരണം ഇനി വൈകിക്കാനാകില്ല. ഇക്കാര്യത്തിലെ രേഖാധിഷ്ഠിത ചർച്ചകൾ കൃത്യമായ സമയപരിധിയോടും വ്യക്തമായ ഫലങ്ങളോടും ബന്ധിപ്പിക്കണമെന്നും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ തീരുമാനങ്ങൾ നടപ്പാക്കുന്നവരിൽ നിന്ന് നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നവരായി മാറണമെന്നും മോദി പറഞ്ഞു. ഇതിനാവശ്യമായ നയതന്ത്ര, സ്ഥാപന ശേഷികൾ വികസിപ്പിക്കുന്നതിൽ ബ്രിക്സിന് നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നുള്ള യുവ നയതന്ത്രജ്ഞർക്ക് ചർച്ചാ വൈദഗ്ധ്യം, പ്രായോഗിക പരിശീലനം, നിയമപരമായ അറിവ് എന്നിവ നൽകാൻ ബ്രിക്സ് സംവിധാനം ഒരുക്കണമെന്നും മോദി നിർദേശിച്ചു. യുഎൻ ദക്ഷിണ-ദക്ഷിണ സഹകരണ ദിനത്തോടനുബന്ധിച്ചാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നതെന്നതും മോദി ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്തുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അതിനായി സമർപ്പിച്ചിരിക്കുന്ന ദിനത്തിൽ തന്നെ കൈക്കൊള്ളുന്നത് സന്തോഷകരമായ യാദൃശ്ചികതയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ സൗത്തിനായി സമർപ്പിച്ചിരിക്കുന്ന ദിനത്തിൽ തന്നെ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഈ വിഷയത്തിൽ നേതൃത്വം നൽകാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. ബ്രിക്സ് 20 വർഷം പൂർത്തിയാക്കുന്നത് കൂടുതൽ പക്വതയും ഉത്തരവാദിത്തവും കൈവരിക്കുന്ന വ്യക്തിയുടെ ജീവിതഘട്ടത്തോടാണ് മോദി താരതമ്യം ചെയ്തത്.
20 വയസ്സിലെത്തുമ്പോൾ മനുഷ്യജീവിതം പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. സ്വപ്നങ്ങൾ ഉത്തരവാദിത്തങ്ങളുമായി ചേരുകയും കഴിവുകൾക്ക് പുതിയ ദിശ ലഭിക്കുകയും ചെയ്യുന്ന ഘട്ടമാണത്. ബ്രിക്സും ഇന്ന് അത്തരമൊരു പക്വതയുടെ ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് ബഹുമാനം നൽകിക്കൊണ്ട് സമവായത്തിലൂടെ മുന്നേറാനും ആഗോളതലത്തിൽ സ്വന്തം വ്യക്തിത്വം ശക്തിപ്പെടുത്താനും ബ്രിക്സിന് കഴിഞ്ഞതായി മോദി പറഞ്ഞു. ബ്രിക്സിനുള്ളിലെ ഐക്യവും സമവായവും ആഗോളതലത്തിൽ വ്യക്തമായ ഫലങ്ങളാക്കി മാറ്റേണ്ട സമയമാണിതെന്നും അടുത്ത 20 വർഷത്തേക്കായി പുതിയതും വിപുലവുമായ അജൻഡ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിക്സിനുള്ളിലെ നമ്മുടെ ഐക്യവും സമവായവും ആഗോളതലത്തിൽ വ്യക്തമായ ഫലങ്ങളാക്കി മാറ്റേണ്ട സമയമാണിത്. അടുത്ത 20 വർഷത്തേക്ക് പുതിയതും മഹത്തായതുമായ അജൻഡയിൽ പ്രവർത്തിക്കണം. ആദ്യം നമ്മുടെ പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിന്ന് തുടങ്ങണമെന്നും മോദി പറഞ്ഞു. ബ്രിക്സ് അധ്യക്ഷസ്ഥാനം ഓരോ വർഷവും മാറുന്ന സാഹചര്യത്തിലും പദ്ധതികളുടെ തുടർച്ച ഉറപ്പാക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ബ്രിക്സ് അധ്യക്ഷസ്ഥാനം ഓരോ വർഷവും മാറുന്നു. എന്നാൽ അതിന്റെ പേരിൽ സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ വേഗത നിലയ്ക്കരുത്. ഇതിനായി ‘ബ്രിക്സ് തുടർച്ചയും ‘ സംവിധാനം രൂപീകരിക്കണമെന്ന് ഞാൻ നിർദേശിക്കുന്നുവെന്നും മോദി പറഞ്ഞു. ആഗോള ഭരണസംവിധാനത്തിലും പരിഷ്‌കരണം ആവശ്യമാണെന്നും മോദി വ്യക്തമാക്കി. നിലവിലെ സംവിധാനം അധികാരവും തീരുമാനമെടുക്കാനുള്ള അവസരങ്ങളും മുകളിൽ കേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Reform of UN Security Council can no longer wait: PM Modi at BRICS summit













