ഡൽഹിയിൽ കൈകോർത്ത് മോദിയും പെസെഷ്കിയനും; ചിത്രങ്ങൾ വൈറൽ, അമേരിക്കൻ പ്രചാരണം തള്ളി ഇറാൻ, മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ പ്രസിഡൻ്റ്

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൈകോർത്തു പിടിച്ചു നടക്കുന്ന ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി മോദിയുമായി കൈകോർത്തു നിൽക്കുന്ന ചിത്രം ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ദൃഢമാകുന്ന ബന്ധത്തിന്റെ തെളിവാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വിശേഷിപ്പിച്ചു.

‘ഇന്ത്യാ ടുഡേ’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.താൻ അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള ബന്ധം അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പെസെഷ്കിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രിക്സ് ബിസിനസ് ഫോറം വേദിയിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റിന്റെ കൈകളിൽ പിടിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ആഗോളതലത്തിൽ ഭിന്നതകൾ നിലനിൽക്കുമ്പോഴും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന തന്ത്രപരമായ സ്വയംഭരണാധികാരത്തിൻ്റെ തെളിവാണ് ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു.

2024-ൽ പ്രസിഡന്റായി അധികാരമേറ്റ ശേഷം പെസെഷ്കിയൻ നടത്തുന്ന ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഇറാന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗൾഫ് രാജ്യങ്ങളുമായി മികച്ച വാണിജ്യ ബന്ധം പുലർത്തുമ്പോൾ തന്നെ, ഇറാനുമായും സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.

ഇന്ത്യയും ഇറാനും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക-ചരിത്ര ബന്ധമാണുള്ളതെന്ന് പെസെഷ്കിയൻ ഓർമ്മിപ്പിച്ചു. ലോകത്ത് വളർന്നുവരുന്ന ഏകാധിപത്യ പ്രവണതകളെ പ്രതിരോധിക്കാൻ ന്യൂഡൽഹിയും ടെഹ്റാനും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും അമേരിക്കയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മരണപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ഇറാൻ പ്രസിഡന്റ് പൂർണ്ണമായി തള്ളി. മൊജ്തബ ഖമേനി ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്നും തന്റെ ചുമതലകൾ നിർവ്വഹിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയ്ക്ക് മൊജ്തബയെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്ന് പെസെഷ്കിയൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മൊജ്തബ ഖമേനി ഇറാന്റെ നേതൃത്വം ഏറ്റെടുത്തത്.

Modi and Pezeshkian join hands in Delhi; photos go viral. Iran dismisses US claims; Iranian President confirms Mojtaba Khamenei is alive.

More Stories from this section

family-dental
witywide