ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണം; നിർണായക എണ്ണ പൈപ്പ്‌ലൈൻ സൗദി അറേബ്യ അടച്ചു

റിയാദ്: ഇറാഖിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകളെ തുടർന്ന് നിർണായകമായ എണ്ണ പൈപ്പ്‌ലൈൻ സൗദി അറേബ്യ അടച്ചു. മധ്യപൂർവദേശത്തെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെയാണ് സംഭവം. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനെതിരായ ഡ്രോൺ ആക്രമണം ഇറാഖിലെ ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയിൽ നിന്നാണ് ഉണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. പിന്നാലെ ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ സൈനിക കമാൻഡറെ തൽസ്ഥാനത്തുനിന്ന് നീക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്‌ലൈൻ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യയ്ക്ക് ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി നടത്താൻ സഹായിക്കുന്ന പ്രധാന മാർഗമാണ്. സൗദി അറേബ്യ മുൻകരുതൽ നടപടിയായാണ് പൈപ്പ്‌ലൈൻ അടച്ചതെന്ന് വെള്ളിയാഴ്ച അറിയിച്ചു. ആക്രമണമുണ്ടായ പ്രദേശത്തിന് സമീപം കരിഞ്ഞ മണ്ണിന്റെയും പുകയുടെയും ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. ആക്രമണത്തിൽ ചിലർക്ക് പരുക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിവരികയാണ്.

ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 4 മുതൽ 5 ശതമാനം വരെ ഈ പൈപ്പ്‌ലൈൻ വഴി നീങ്ങിയിരുന്നുവെന്ന് കപ്പൽ ഗതാഗത നിരീക്ഷണ കമ്പനികളെയും വിശകലന വിദഗ്ധരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥനയെ തുടർന്ന് നിലവിൽ തിരിച്ചടിക്കില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്. അയൽരാജ്യങ്ങൾക്കെതിരെ ഇറാഖിൽ നിന്ന് നടക്കുന്ന ആക്രമണങ്ങൾ തടയാനുള്ള ഇറാഖ് സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും സൗദി അറിയിച്ചു.

അതേസമയം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും എണ്ണ ഉൾപ്പെടെയുള്ള നിർണായക സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യക്കുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായി അതിർത്തി പങ്കിടുന്ന മൈസാൻ പ്രവിശ്യയിൽ നിന്നാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവിടത്തെ ഓപ്പറേഷൻസ് കമാൻഡറെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫിസും അറിയിച്ചു.

സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും ആക്രമണത്തെ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും പ്രാദേശിക അഖണ്ഡതയ്ക്കും നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ഗുരുതരമായ ഭീഷണിയാണ് ആക്രമണമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും പറഞ്ഞു. അതിനിടെ, യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അതിവേഗം മുന്നേറുകയും രാജ്യത്തിന്റെ തീരപ്രദേശങ്ങളുടെ വലിയൊരു ഭാഗം പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ചെങ്കടലിലേക്കും സൂയസ് കനാലിലേക്കുമുള്ള കവാടമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ സൗദി കപ്പലുകൾ ഒഴികെയുള്ള എല്ലാ കമ്പനികൾക്കും കടൽഗതാഗതം സുരക്ഷിതമാണെന്നും അവർ വ്യക്തമാക്കി. അറേബ്യൻ ഉപദ്വീപിന്റെ ഇരുവശത്തും സംഘർഷം ശക്തമായതോടെ ആഗോള എണ്ണവിപണിയിലും സമ്മർദം വർധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് എണ്ണവില ഈ നിലയിലെത്തുന്നത്. ഊർജവില കുതിച്ചുയർന്നതോടെ പണപ്പെരുപ്പ ഭീഷണിയും വർധിച്ചിട്ടുണ്ട്. ഇതോടെ വിവിധ രാജ്യങ്ങളുടെ സർക്കാർ കടമെടുക്കുന്നതിനുള്ള ചെലവും കൂടുതൽ ഉയരുകയാണ്.

Saudi Arabia has closed a critical oil pipeline after it was attacked by drones launched from Iraq, as conflict in the Middle East widens

More Stories from this section

family-dental
witywide