
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ സംഘപരിവാർ സഹയാത്രികനായ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലുള്ള വസതിയിലെത്തി തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കുന്ന ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് പോലീസിന്റെ നിർണായക നടപടി. വിദ്യാർഥികളെ അധിക്ഷേപിച്ച വീഡിയോ പബ്ലിഷ് ചെയ്യാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നു.
ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന ടി.ജി. മോഹൻദാസിന്റെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിക്ക് പിന്നാലെ നിരവധി പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. തുടർന്ന് സൈബർ സെൽ ഓപ്പറേഷൻസ് ഐജിയുടെ നിർദേശപ്രകാരം ജൂലൈ 29-നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. എന്നാൽ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് കാലതാമസം വരുത്തിയത് നേരത്തെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
യൂട്യൂബ് ചാനൽ വഴി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അശ്ലീലവും അധിക്ഷേപവും നിറഞ്ഞ വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾക്കെതിരായ ഹീനമായ പരാമർശങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി ശക്തമാക്കിയത്.
Remarks Against Student Protesters: TG Mohandas Taken into Custody, to be Brought to Thiruvananthapuram Tonight










