ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ചത് 6 സൈനികർ, പേരുകളടക്കം പുറത്തുവിട്ട് കേന്ദ്രം; ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്യും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവൻ ബലിനൽകിയത്. ഇവരുടെ സ്മരണ നിലനിർത്തുന്നതിനായി ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’ എന്നറിയപ്പെടുന്ന ബലിചക്രത്തിൽ ഈ ധീരസൈനികരുടെ പേരുകൾ ആലേഖനം ചെയ്യും. 2025-ൽ വിവിധ സൈനിക ഓപ്പറേഷനുകളിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച മറ്റ് ധീരർക്കൊപ്പമാണ് ഇവരുടെ പേരുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

കരസേനയിലെ സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ് എന്നിവരും വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാറുമാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച സൈനികർക്കായി സമർപ്പിച്ചിരിക്കുന്ന 16 ഗ്രാനൈറ്റ് ചുവരുകളിലാണ് ഇവരുടെ പേരും റാങ്കും അവർ സേവനമനുഷ്ഠിച്ച യൂണിറ്റും രേഖപ്പെടുത്തുക. മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ വെടിഞ്ഞ ഈ സൈനികർക്ക് രാജ്യം അർഹിക്കുന്ന ആദരവാണ് ഇതിലൂടെ നൽകുന്നത്.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ ബൈസൺവാലിയിലെത്തിയ സഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ ക്രൂരമായി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിനുള്ള ശക്തമായ തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ വ്യോമാക്രമണവും സൈനിക നടപടിയും ആരംഭിച്ചത്. ഈ ആക്രമണത്തെത്തുടർന്ന് താല്ക്കാലികമായി അടച്ചിട്ടിരുന്ന പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം ശക്തമായ സുരക്ഷാപരിശോധനകൾക്ക് ശേഷം വീണ്ടും തുറന്നു നൽകിയിട്ടുണ്ട്.

Operation Sindoor: Government Releases Names of Six Martyred Soldiers To Be Inscribed at National War Memorial

More Stories from this section

family-dental
witywide