ഡോളറിനെതിരെ റെക്കോർഡ് തകർച്ചയുമായി രൂപ; ഇറക്കുമതിക്ക് കർശന നിയന്ത്രണം വരുമോ?

മുംബൈ: അന്താരാഷ്ട്ര വിപണിയിലെ കടുത്ത അനിശ്ചിതത്വങ്ങളെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ എക്കാലത്തെയും വലിയ ചരിത്ര തകർച്ച. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിന് 96.90 എന്ന റെക്കോർഡ് നിലവാരത്തിലേക്ക് താഴേയ്ക്ക് കൂപ്പുകുത്തി. പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന യുഎസ് – ഇറാൻ സംഘർഷവും ഇതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നതുമാണ് രൂപയ്ക്ക് കടുത്ത തിരിച്ചടിയായത്.

തുടർച്ചയായ എട്ടാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഇതോടെ ഈ വർഷം ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറി. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുന്നതും ഡോളർ സൂചിക ശക്തമാകുന്നതും ഇടിവിൻ്റെ ആക്കം കൂട്ടി. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും രാജ്യത്തെ വ്യാപാര കമ്മി നിയന്ത്രിക്കുന്നതിനുമായി അത്യാവശ്യമല്ലാത്ത ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായി വെള്ളിയുടെ ഇറക്കുമതി ഇതിനകം തന്നെ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള കൂടുതൽ സാധനങ്ങൾക്ക് നിയന്ത്രണം വന്നേക്കാം.

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്ത് ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്നതിനാൽ സാധാരണക്കാരെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാൽ വിദേശത്തു നിന്നും നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഈ നിരക്കിൽ കൂടുതൽ തുക ലഭിക്കും.

Rupee hits record low against dollar

More Stories from this section

family-dental
witywide