
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നാളെ നിയമസഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ.ഡി.എഫ് പ്രമേയത്തെ പൂർണ്ണമായി പിന്തുണയ്ക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ, കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകർന്നിരിക്കുകയാണ്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്താൽ അവധി ദിവസമായ ഞായറാഴ്ചയും ഡൽഹി നഗരം സമരഭരിതമായി തുടർന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നടന്ന പ്രതിഷേധങ്ങളിൽ വൻ സംഘർഷമാണുണ്ടായത്. ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ തുറന്നതോടെ പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങുകയായിരുന്നു. പ്രകടനങ്ങൾക്കിടയിലേക്ക് ഇരച്ചുകയറിയ പോലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് വൻ ഉന്തുംതള്ളതിനും സംഘർഷത്തിനും കാരണമായി.
പ്രതിഷേധത്തിനിടയിൽ ജോൺ ബ്രിട്ടാസ് എം.പി., എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ആനി രാജ തുടങ്ങിയ പ്രമുഖ നേതാക്കളെയും നിരവധി വിദ്യാർത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുമായി തർക്കിച്ച ജോൺ ബ്രിട്ടാസ് എം.പിയെയും നേതാക്കളെയും ബലപ്രയോഗത്തിലൂടെയാണ് വാഹനത്തിൽ കയറ്റിയത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഇടുങ്ങിയ ഇരുമ്പറകളുള്ള വാഹനങ്ങളിലിട്ട് മർദ്ദിച്ചതായും നേതാക്കൾ ആരോപിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹിയിൽ പോലീസിന്റെ ഭാഗത്തുനിന്നും തുടരുന്ന ഇത്തരം അതിക്രമങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.
Kerala Assembly to Move Historic Resolution Against CEC Tomorrow as Delhi Protests Intensify











