
തിരുവനന്തപുരം: കിഫ്ബിയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് സംസാരിച്ച അദ്ദേഹം, കിഫ്ബി സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചതെന്ന് കുറ്റപ്പെടുത്തി. ധനവകുപ്പിനെ നോക്കുകുത്തിയാക്കി സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചത്. സർക്കാരിന്റെ നിയന്ത്രണം മറികടന്നുള്ള പ്രവർത്തനങ്ങളും മസാല ബോണ്ടിലൂടെയുണ്ടായ 181.73 കോടിയുടെ നഷ്ടവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കിഫ്ബിയുടെ ആകെ പദ്ധതികളുടെ ഭൂരിഭാഗവും നിശ്ചിത ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കലിലും ഫണ്ട് വിനിയോഗത്തിലും വ്യാപകമായ ധൂർത്തും ക്രമക്കേടുമാണ് നടന്നിട്ടുള്ളത്. കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തതെന്ന് വ്യക്തമല്ലെന്നും, യഥാർത്ഥ വിലയുടെ അഞ്ചിരട്ടി തുകയാണ് ഭൂമിക്കായി മുടക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിൻഫ്ര വഴി കണ്ണൂരിലും പാലക്കാടുമായി 5366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 50 ഏക്കർ മാത്രമാണ് വ്യവസായ പാർക്കിനായി ഉപയോഗിച്ചത്. ബാക്കി ഭൂമി വെറുതെ കിടക്കുകയാണ്. കൂടാതെ, പരസ്യത്തിനായി കണക്കിൽ കാണിച്ചതിനേക്കാൾ വളരെ അധികം തുക ചെലവഴിച്ചെന്നും, അനുമതിയില്ലാതെ അഞ്ഞൂറിലധികം നിയമനങ്ങൾ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ നൽകിയ തുകയുടെ 99.4 ശതമാനവും വായ്പാ തിരിച്ചടവിനുവേണ്ടിയാണ് ഉപയോഗിച്ചത്. കിഫ്ബിയുടെ മുൻ സി.ഇ.ഒ ഇരട്ട പദവി വഹിച്ചതിലും കൺസൾട്ടൻസിക്ക് പണം നൽകിയതിലും ദുരൂഹതയുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ടിൽ യാതൊരു രാഷ്ട്രീയവുമില്ലെന്നും, കിഫ്ബിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം സർക്കാരിന്റെ പരിഗണനയിലാണെന്നും ഏത് രീതിയിൽ അന്വേഷണം നടത്തണമെന്ന് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“Why Acquire 1000 Acres in Kannur? Massive Irregularities in KIIFB”: CM VD Satheesan Announces Probe















