കുട്ടികളുടെ ഫോണുകളിൽ നഗ്നചിത്രങ്ങൾ തടയണം; ആപ്പിളിനും ഗൂഗിളിനും മൂന്ന് മാസത്തെ അന്ത്യശാസനവുമായി ബ്രിട്ടൻ

ലണ്ടൻ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും നഗ്നചിത്രങ്ങളും ലൈംഗിക ഉള്ളടക്കങ്ങളും കാണുന്നതും അയക്കുന്നതും സ്വീകരിക്കുന്നതും തടയാൻ നടപടി സ്വീകരിക്കണമെന്ന് ടെക് ഭീമൻമാരായ ആപ്പിളിനോടും ഗൂഗിളിനോടും ആവശ്യപ്പെട്ട് ബ്രിട്ടൻ. മൂന്ന് മാസത്തിനുള്ളിൽ കമ്പനികൾ സ്വമേധയാ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ലണ്ടൻ ടെക് വീക്കിൽ സംസാരിക്കവെയാണ് സ്റ്റാർമർ ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികൾക്ക് നഗ്നചിത്രങ്ങൾ എടുക്കാനോ പങ്കുവെക്കാനോ കാണാനോ കഴിയാത്തവിധം ഫോണുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ കമ്പനികൾ സജീവമാക്കുകയോ സോഫ്റ്റ്‌വെയറുകൾ പുതുക്കുകയോ വേണമെന്നാണ് സർക്കാരിന്റെ നിർദേശം.“ഇത് അസാധ്യമല്ല. ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക കമ്പനികളാണ് ഇവ. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ അവർക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം,” സ്റ്റാർമർ പറഞ്ഞു.

കമ്പനികൾ നിർദേശം പാലിക്കാത്ത പക്ഷം പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ ക്രിമിനൽ ഉത്തരവാദിത്വം പോലും ചുമത്താനാകുന്ന നിയമം കൊണ്ടുവരുമെന്നും സ്റ്റാർമർ വ്യക്തമാക്കി. പുതിയതായി വിൽക്കുന്ന ഉപകരണങ്ങൾ മാത്രമല്ല, നിലവിൽ ഉപയോഗത്തിലുള്ള സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഈ നിയമം ബാധകമാകും. അതേസമയം, പ്രായം സ്ഥിരീകരിച്ച 18 വയസിന് മുകളിലുള്ളവരുടെ ഉപകരണ ഉപയോഗത്തെ ഇത് ബാധിക്കില്ലെന്നും സർക്കാർ അറിയിച്ചു.

ഇതിനിടെ, കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഗൂഗിൾ പ്രതികരിച്ചു. സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ദോഷകരമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ബ്രിട്ടനുമായി സഹകരിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. ആപ്പിൾ ഇതിനകം തന്നെ കുട്ടികൾക്ക് ലഭിക്കുന്നതോ അവർ അയക്കുന്നതോ ആയ നഗ്നചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ‘കമ്യൂണിക്കേഷൻ സേഫ്റ്റി’ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സംശയാസ്പദമായ ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാനും സഹായം തേടാനുമുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാണ്.

ഓൺലൈൻ ബാലസുരക്ഷാ പ്രവർത്തകർ സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, സോഷ്യൽ മീഡിയ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. 2024-ൽ റിപ്പോർട്ട് ചെയ്ത ഓൺലൈൻ ബാലലൈംഗിക പീഡന കേസുകളിൽ 91 ശതമാനവും കുട്ടികൾ തന്നെ സൃഷ്ടിച്ച ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ ശരാശരി 13 വയസാകുമ്പോഴേക്കും കുട്ടികൾ അശ്ലീല ഉള്ളടക്കങ്ങൾ കാണുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, സ്വകാര്യതാ സംഘടനകൾ ഈ നീക്കത്തിനെതിരെ രംഗത്തെത്തി. ഇത്തരം നടപടികൾ ഇന്റർനെറ്റിലേക്കുള്ള പ്രവേശനത്തിന് തിരിച്ചറിയൽ പരിശോധന നിർബന്ധമാക്കാനും ഡിജിറ്റൽ നിരീക്ഷണം വർധിപ്പിക്കാനും ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ പുതിയ നീക്കം ബ്രിട്ടനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Starmer tells Apple and Google to ban nude images on children’s phones

More Stories from this section

family-dental
witywide