അമേരിക്കയിൽ ശക്തമായ ചുഴലിക്കാറ്റ്: മിഷിഗണിലും ഓക്ലഹോമയിലുമായി ആറ് മരണം; വ്യാപക നാശനഷ്ടം

വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗൺ, ഓക്ലഹോമ സംസ്ഥാനങ്ങളിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ പെട്ട് ആറ് പേർ മരിച്ചു. വെള്ളിയാഴ്ച ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.

മിഷിഗണിൽ മാത്രം നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രാഞ്ച് കൗണ്ടിയിലെ യൂണിയൻ സിറ്റിക്ക് സമീപം മൂന്ന് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാസ് കൗണ്ടിയിൽ ഒരാൾ മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. ഇവിടെ പല വീടുകളും പൂർണ്ണമായും തകർന്നു. മരങ്ങൾ കടപുഴകി വീണും വൈദ്യുതി ലൈനുകൾ തകരാറിലായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ബ്രാഞ്ച്, കാസ്, സെൻ്റ് ജോസഫ് എന്നീ കൗണ്ടികളിൽ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്‌മർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഓക്ലഹോമയിലെ ബെഗ്‌സിൽ രണ്ട് പേർ മരിച്ചു. ഒക്‌മൽഗീ കൗണ്ടിയിൽ ഏകദേശം നാല് മൈലോളം ദൂരത്തിൽ ചുഴലിക്കാറ്റ് നാശം വിതച്ചു. തുൾസ മേഖലയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് എട്ട് കൗണ്ടികളിൽ ഗവർണർ കെവിൻ സ്റ്റിറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരുന്നു. ഗ്രേറ്റ് പ്ലെയിൻസ് മുതൽ ടെക്സസ് വരെയുള്ള ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരുന്നു.

More Stories from this section

family-dental
witywide