
എറണാകുളം മഹാരാജാസ് കോളജിൽ നടന്ന ബിരുദദാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധം. കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മന്ത്രിയെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തത്. മന്ത്രി പ്രസംഗം ആരംഭിച്ച ഉടൻ തന്നെ സദസ്സിൽ നിന്നും വിദ്യാർഥികൾ ബാനർ ഉയർത്തി പ്രതിഷേധമുയർത്തി. പ്രസംഗം പൂർത്തിയായതോടെ വേദിയിലേക്ക് എത്തിയ പ്രവർത്തകർ മന്ത്രിക്കെതിരെ ചോദ്യങ്ങളുമായി പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ചടങ്ങ് പൂർത്തിയായ ശേഷം മറുപടി പറയാമെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും ഇപ്പോൾത്തന്നെ വിഷയം സംസാരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ കാലടിയിൽ നടന്നത് അക്രമസമരമായിരുന്നുവെന്നും ഇത്തരത്തിലുള്ള ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മന്ത്രി റോജി എം. ജോൺ തിരിച്ചടിച്ചു. കുറേ സമരങ്ങൾ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി തുടർന്ന് വേദിയിൽ നിന്നും മടങ്ങുകയായിരുന്നു.
ബിരുദദാന ചടങ്ങ് അലങ്കോലമാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലടിയിൽ നടപടി നേരിട്ട വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യത്തിലാണ് പ്രതിഷേധിച്ചതെന്നും കോളേജ് ചെയർപേഴ്സൺ നിഫിസുൽത്ത് നിസ്രിയ പ്രതികരിച്ചു. പ്രതിഷേധത്തെ തുടർന്ന് മന്ത്രി വേദി വിട്ടുപോയെങ്കിലും പിന്നീട് കോളജിൽ ബിരുദദാന ചടങ്ങ് പൂർത്തിയാക്കി. എന്നാൽ സസ്പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുക്കുന്നത് വരെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് എസ്.എഫ്.ഐ നിലപാട്.
SFI Protests Against Higher Education Minister Roji M John at Maharaja’s College: Minister Refuses to Bow Down












