
കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ തയ്യാറാക്കിയെന്ന വിഷയത്തിൽ വിവാദം കത്തുന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും വൈസ് ചാൻസിലർ മോഹൻ കുന്നുമ്മലും രംഗത്തെത്തി. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തുവന്നത് ഒറിജിനൽ രേഖയല്ലെന്നും അത്തരമൊരു രേഖ തയാറാക്കിയിട്ടില്ലെന്നുമാണ് വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ നൽകിയ വിശദീകരണം.
വിഷയത്തിൽ വി.സിമാർ മാത്രം തീരുമാനം എടുത്താൽ അത് അംഗീകരിക്കില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് നിലവിലെ നീക്കങ്ങളെന്നും സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെ തയ്യാറാക്കിയ കരട് രേഖയോട് സർക്കാരിന് അനുകൂല നിലപാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പസ്സുകളിൽ രാഷ്ട്രീയ സമരങ്ങളോ, ധർണ്ണയോ, ഉപരോധമോ, രാഷ്ട്രീയ മുദ്രാവാക്യം വിളികളോ പാടില്ലെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി രാഷ്ട്രീയ പ്രചാരണം നടത്തരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് പുറത്തുവന്ന കരട് രേഖയിലുണ്ടായിരുന്നത്. ഇതിനെതിരെ ഇടത്-വലത് വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സർവകലാശാലയുടെ നീക്കം പൂർണ്ണമായും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തുന്നതിന് മുൻപ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ തിരിച്ചടിച്ചു. വിദ്യാർത്ഥി സംഘടനകൾക്ക് രേഖ അയച്ച് അവരിൽ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ മാർഗ്ഗനിർദ്ദേശമായി കണക്കാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Draft Report to Ban Campus Politics Sparks Controversy; Minister and VC Deny Move, Pinarayi Vijayan Terms it Antidemocratic












